ചേലക്കര: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചേലക്കര മണ്ഡലത്തിൽ 245 ഹെക്ടർ തരിശ് സ്ഥലത്ത് കൃഷി ഇറക്കാൻ നടപടി സ്വീകരിച്ചതായി യു.ആർ.പ്രദീപ് എം.എൽ.എ അറിയിച്ചു. നിലവിൽ 161 ഹെക്ടർ തരിശ് സ്ഥലത്ത് കൃഷി ഇറക്കുന്നതിനു കൃഷി വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ഇതിൽ 59 ഹെക്ടറിൽ ഇതിനകം കൃഷി ഇറക്കി കഴിഞ്ഞു. ബാക്കി വരുന്ന 84 ഹെക്ടർ സ്ഥലത്ത് സ്ഥാപനങ്ങളുടെയും, വിവിധ സംഘടനകളുടെയും സഹകരണത്തോടെ കൃഷി ഇറക്കുന്നതിനും നടപടിയായിട്ടുണ്ട്. നെല്ല് പച്ചക്കറി, വാഴ, കിഴങ്ങ് വർഗ്ഗങ്ങൾ, മരച്ചീനി തുടങ്ങിയവയാണ് പ്രധാനമായും കൃഷി ഇറക്കുക. ഇതിനായി കർഷകർക്കുള്ള സഹായമായി 76 ലക്ഷം രൂപയുടെ പദ്ധതിയും കൃഷിഭവൻ മുഖേന തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ ആകെ കൃഷിഭൂമി വിസ്തീർണം 10421 ഹെക്ടർ ആണ്.
സുഭിക്ഷ കേരളം പദ്ധതിയുടെ പുരോഗതി അവലോകനവുമായി ബന്ധപ്പെട്ട് യു.ആർ. പ്രദീപ് എം.എൽ.എ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , സഹകരണ ബാങ്ക് പ്രസിഡന്റുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ എന്നിവരുടെ യോഗം ചേലക്കര പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്തു. കൃഷി വകുപ്പ് നൽകുന്ന സബ്‌സിഡിക്ക് പുറമേ വായ്പ ആവശ്യമുള്ള കർഷകർക്ക് സഹകരണ ബാങ്കുകളും നൽകും. ഇതിനു പുറമെ പൊതു മേഖല ബാങ്കുകളുടെ സഹായങ്ങളും ലഭ്യമാക്കും. നിലവിൽ ചെയ്യുന്ന കൃഷികളും തരിശു ഭുമിയിലെ കൃഷിയും കൂടിയാകുമ്പോൾ സുഭിക്ഷ കേരളം പദ്ധതി മണ്ഡലത്തിൽ വൻ വിജയമായി മാറുമെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ പഴയന്നുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. പദ്മജ, ശോഭന രാജൻ, സുലേഖ പ്രദീപ്, വിജയലക്ഷ്മി, പഴയന്നുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പദ്മകുമാർ, പഴയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയൻ , സഹകരണ ബാങ്ക് പ്രസിഡന്റുമാരായ മനോജ് കുമാർ, മുഹമ്മദ് ഷറഫുദ്ധീൻ, കെ.ബി. ജയദാസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ ഷീബജോർജ്, അജിത്‌മോഹൻ, കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

..........................................

മണ്ഡലത്തിലെ ആകെ കൃഷിഭൂമി വിസ്തീർണം 10421 ഹെക്ടർ

നിലവിൽ 161 ഹെക്ടർ തരിശ് സ്ഥലത്ത് കൃഷി ഇറക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്

59 ഹെക്ടറിൽ ഇതിനകം കൃഷി തുടങ്ങി

കർഷകർക്കുള്ള സഹായമായി 76 ലക്ഷം രൂപയുടെ പദ്ധതിയും കൃഷിഭവൻ മുഖേന തയ്യാറാക്കി