കൊടുങ്ങല്ലൂർ: 45 വർഷത്തോളം നീണ്ട നിയമ പോരാട്ടം അവസാനിച്ചതിന് പിന്നാലെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കേനടയിലെ തണ്ണീർപ്പന്തൽ നിലനിറുത്താനുള്ള നിയമയുദ്ധം പുതിയ തലത്തിലേക്ക്. കൊടുങ്ങല്ലൂർ കോടതിയിലാണ് പുതിയ കേസെത്തിയത്. എഴുപതുകളുടെ തുടക്കത്തിൽ കീഴ്‌ക്കോടതിയിൽ നിന്നാരംഭിച്ച് സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിൽ അന്തിമവിജയം കൊച്ചിൻ ദേവസ്വം ബോർഡിനായിരുന്നു. സ്ഥലം ഏറ്റെടുക്കുന്നത് തടഞ്ഞതാണ് പുതിയ നിയമപോരാട്ടത്തിന് കാരണം.
നിരവധി കണ്ടുപിടുത്തം നടത്തി പ്രശസ്തനായ യുവശാസ്ത്രജ്ഞൻ കെ.ബി ജോയിയും മറ്റ് അവകാശികളായ 11 പേരുമാണ് ഇപ്പോൾ കേസിൽ വാദികൾ. കേസ് ജോയി സ്വയം വാദിക്കും. 1916-15 കാലഘട്ടത്തിൽ അന്നത്തെ രാജാവിന്റെ തിരുവെഴുത്ത് പ്രകാരം സന്യാസിയായിരുന്ന ദേശിക രാമദാസർക്ക് തണ്ണീർ പന്തലും അനുബന്ധമായുള്ള ആറ് സെന്റ് വസ്തുവും നൽകിയത് താലപ്പൊലി, ഭരണി ഉത്സവ കാലങ്ങളിൽ സൗജന്യമായി മോരും നീരും കൊടുക്കണമെന്ന വ്യവസ്ഥയിലാണെന്നാണ് പറയപ്പെടുന്നത്.

തന്റെ പിതാമഹന്മാരായ എടവിലങ്ങിലെ കൈതക്കാട്ട് കുഞ്ഞിക്കളവനും പനങ്ങാട് നെൽപ്പിണി തയ്യിൽ പാപ്പുവിനും ലഭിച്ചിട്ടുള്ളതാണീ വസ്തുവെന്നതിനാൽ തനിക്കും അവകാശമുണ്ടെന്ന വാദമുയർത്തിയാണ് ജോയിയുടെ രംഗപ്രവേശം. പാപ്പുവിന്റെ ഏകമകളുടെ ഭർത്താവ് കുഞ്ഞിക്കിളവന്റെ മകൻ ആണ്ടിയാണ്. ഇതിനാൽ വസ്തുവിന്റെ മുഴുവൻ അവകാശവും ആണ്ടിയിലേക്ക് വന്നു ചേർന്നു. ആണ്ടിയുടെ മക്കളിലൊരാളായ രാജനും അദ്ദേഹത്തിന്റെ മരണശേഷം മക്കളുമാണ് കേസ് നടത്തിയത്. തണ്ണീർപ്പന്തൽ ആമീൻ പോലും ഇല്ലാതെ ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് എത്തിയപ്പോഴാണ് കേസിൽ കക്ഷിയാകാൻ നിശ്ചയിച്ചതെന്നാണ് ആണ്ടിയുടെ മറ്റ് അനന്തരാവകാശികളിൽ ഒരാളായ ജോയിയുടെ പക്ഷം. രാജഭരണം അംഗീകരിച്ച ആദ്യത്തെ ഈഴവ സന്യാസിയെന്ന് വിശേഷിപ്പിക്കാവുന്ന ദേശിക രാമദാസൻ തപസനുഷ്ഠിച്ച സ്ഥലത്തെ ക്ഷേത്ര നിർമ്മിതിക്ക് ദേശികാലയ ക്ഷേത്രം എന്ന് ശ്രീനാരായണ ഗുരുദേവൻ നാമകരണം ചെയ്തിട്ടുമുണ്ട്. 44 വർഷം നീണ്ട് ദേവസ്വത്തിന് അനുകൂല വിധിയുണ്ടായിട്ടുള്ള ഈ കേസിൽ അനാവശ്യ തർക്കം ആരോപിച്ച്, വഹകൾ ഉടമയ്ക്ക് കൈവശം നൽകുന്നത് നീട്ടിക്കൊണ്ടു പോകാനാകുമോയെന്ന് പരീക്ഷണാർത്ഥം ബോധിപ്പിച്ചിരിക്കുന്നതാണ് ഈ ഹർജിയെന്നും ചെലവ് സഹിതം തള്ളണമെന്നുമാണ് ദേവസ്വം കോടതിയോട് അപേക്ഷിച്ചിട്ടുള്ളത്.