അങ്കലാപ്പിലാകുന്നത് പൊതുജനം
ചാലക്കുടി: ലോക്ക് ഡൗൺ കാലത്ത് രോഗത്തേക്കാളേറെ വേഗം പകരുകയാണ് വ്യാജസന്ദേശങ്ങൾ. ദിവസങ്ങളേറെയായി വാട്സ്ആപ്പിൽ ഒരു വ്യാജ സന്ദേശം ചാലക്കുടിപ്പുഴയോരത്തെ ഭീതിയിലാക്കുന്നുണ്ട്. പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു, ഉടൻ തുറക്കും തുടങ്ങിയ സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
നാട്ടുകാരെ ഭയപ്പെടുന്ന ഈ സന്ദേശം ഒട്ടും വസ്തുതാപരമല്ലെന്നതാണ് യാഥാർത്ഥ്യം. പ്രളയത്തിന് ശേഷം ഇതുവരെ പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ അടച്ചിട്ടില്ല. ഞായറാഴ്ച രാത്രി എട്ടിന് ഡാമിലെ ജലനിരപ്പ് 418 മീറ്റർ. തുടർച്ചയായി രണ്ടു ദിവസം മഴ പെയ്തതോടെയാണ് രണ്ടു മീറ്റർ വെള്ളം ഉയർന്നത്. അതിനു മുമ്പ് വെള്ളം 415 മീറ്ററായിരുന്നു. 419.40 മീറ്ററിൽ ഡാമിലെ ഏഴു ഷട്ടറുകളും തുറന്നു വച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയർന്നാൽ സ്വാഭാവികമായും പുറത്തേക്ക് ഒഴുകിത്തുടങ്ങും.
അനിയന്ത്രിതമായി വെള്ളം വൃഷ്ടി പ്രദേശങ്ങളിൽ നിന്നെത്തിയാൽ സ്ലൂയീസ് വാൽവുകളാണ് തുറക്കുക. ഏഴു ഷട്ടറുകളിലൂടെ വരുന്നതിനേക്കാൾ കൂടുതൽ വെള്ളം നാലു സ്ലൂയീസ് വാൽവിലൂടെ ഒഴുക്കി വിടാനാകും. ഇതുകൊണ്ടാണ് സ്ലൂയീസ് വാൽവുകൾ തുറന്നാലും പെട്ടന്ന് അടയ്ക്കുന്നത്. ഡാമിന്റെ സംഭരണ ശേഷി 424 മീറ്ററാണ്. വൈദ്യുതി ഉത്പാദനം കാര്യമായി നടക്കുന്നതും തുടർച്ചയായി മഴ പെയ്യുന്നതുമാണ് ചാലക്കുടിപ്പുഴയിലെ ഇപ്പോഴത്തെ ഉയർന്ന ജലവിതാനത്തിന് ആധാരം.
പൊരിങ്ങൽക്കുത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ തെല്ലും ആശങ്കയില്ലെന്നാണ് അധികൃതരുടെ പക്ഷം. ഷോളയാറിൽ സംഭരണശേഷിയുടെ 16 ശതമാനം മാത്രമാണ് ഇപ്പോഴത്തെ ജലശേഖരം. പ്രളയവും അതി വർഷവും ദുരിതം വിതച്ച ചാലക്കുടിക്കാരെ ഭയപ്പെടുത്തുക മാത്രമാണ് നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ ലക്ഷ്യം.
പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 418 മീറ്റർ
ഡാം ഷട്ടറുകൾ തുറന്നുവച്ചിരിക്കുന്നത്- 419.4 മീറ്ററിൽ
പൊരിങ്ങൽക്കുത്തിന്റെ സംഭരണ ശേഷി- 424 മീറ്റർ
ശ്രദ്ധിക്കാൻ
കഴിഞ്ഞ പ്രളയത്തിന് ശേഷം പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ അടച്ചിട്ടില്ല. പ്രചരിക്കുന്ന വ്യാജ സന്ദേശം ഭീതിപ്പെടുത്തുക ലക്ഷ്യമിട്ട്.