thankamma-varghese
ഓഫീസിനടുത്തുള്ള വാടക വീട്ടിൽ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ്

 മാതൃകാ പ്രവർത്തനവുമായി പഞ്ചായത്ത് പ്രസിഡന്റ്

തൃശൂർ: ആദ്യ ലോക്ക് ഡൗണിന്റെ അഞ്ചാം നാളിൽ, കൃത്യമായി പറഞ്ഞാൽ മാർച്ച് 28ന് വീടു വിട്ടിറങ്ങിയതാണ് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്. 65 കിലോമീറ്റർ അകലെ മലക്കപ്പാറയിലെ വീട്ടിൽ ഭർത്താവ് വർഗീസും ഇങ്ങ് വാടക വീട്ടിൽ തങ്കമ്മയും തനിച്ചാണ്.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ സദാസമയവും ഒപ്പം നിൽക്കണമെന്നു നിശ്ചയിച്ചെടുത്ത തീരുമാനം. എന്തായാലും, കൊറോണ വൈറസിന് നാളിന്നോളം അതിരപ്പിള്ളി പഞ്ചായത്തിൽ കയറാനായിട്ടില്ല.

കാട്ടുവഴിയിലൂടെ ഓഫീസിലെത്തി തിരിച്ചുപോകാൻ തങ്കമ്മയ്ക്ക് ആറ് മണിക്കൂർ വേണം. പഞ്ചായത്തിലെ ഏക വാഹനം കൊണ്ട് ദിനവും പോയിവരിക അസാദ്ധ്യം. നല്ലൊരു കാറ്റു വീശിയാൽ മരം വീഴാവുന്ന കാട്ടുവഴിയാണ് പാതിയും.

നേരത്തെ രാവിലെ ഏഴിന്റെ ബസിൽ പുറപ്പെട്ട് പത്തിന് ഓഫീസിലെത്തും. തിരിച്ചുള്ള യാത്ര വൈകിട്ട് ആറിന്റെ ബസിൽ. ലോക്ക് ഡൗണോടെ ബസ് സർവീസ് നിലച്ചു. ഓഫീസിലെത്താനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും ബുദ്ധിമുട്ടി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു വാഴക്കാലയാണ് സഹായത്തിനെത്തിയത്. തന്റെ സഹോദരന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ തങ്കമ്മയ്ക്ക് സൗകര്യമൊരുക്കി.

രണ്ട് പതിറ്റാണ്ടായി പൊതുപ്രവർത്തകയാണ് സി.പി.എം ഒമ്പതാം വാർഡായ പെരുമ്പാറയിലെ പ്രതിനിധിയായ തങ്കമ്മ. കുടുംബശ്രീയിൽ മൂന്ന് തവണയായി പത്ത് വർഷത്തിലേറെ സി.ഡി.എസ് അംഗമായി. 14 ആദിവാസി ഊരുകളുള്ള പഞ്ചായത്താണ്. നാലാം ക്ലാസ് വരെ പഠിച്ച തങ്കമ്മ പ്രസിഡന്റായ ശേഷമാണ് പത്താം ക്ലാസ് തുല്യത പരീക്ഷ പാസായത്.

രോഗമകറ്റാൻ കഠിനാദ്ധ്വാനം

 തമിഴ്‌നാടിന്റെ അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് അതിരപ്പിള്ളി. സഞ്ചാരികളെ നിരീക്ഷിക്കാൻ തങ്കമ്മയുടെ നേതൃത്വത്തിൽ നിരീക്ഷണ സമിതിയുണ്ടാക്കിയാണ് പ്രവർത്തനം
 അതിരപ്പിള്ളിയും തുമ്പൂർമൂഴിയും അടച്ചിട്ടിട്ടും റിസോർട്ടുകളിലെത്തുന്നവരുണ്ട്. ഇവർ കണ്ടെയ്ൻമെന്റ് സോണിൽ നിന്നല്ലെന്ന് ഉറപ്പ് വരുത്തി. 70 റിസോർട്ടുകൾ നിരീക്ഷണത്തിൽ

 രണ്ട് പ്ലാന്റേഷൻ ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന ഏർപ്പെടുത്തി. ആദിവാസി ഊരുകളിൽ നേരിട്ടെത്തി നിരീക്ഷണം. ശുചിത്വ പരിപാലന ക്ളാസ്

 പഞ്ചായത്ത് പരിധിയിൽ ക്വാറന്റൈനിൽ പ്രവേശിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പ്രത്യേക ശ്രദ്ധ

'ഇതുവരെ 58 പേർക്കാണ് ക്വാറന്റൈൻ വേണ്ടിവന്നത്. താമസം ഓഫീസിനടുത്തേക്ക് മാറ്റിയപ്പോൾ ആദിവാസി ഊരുകളിലടക്കം എല്ലായിടത്തുമെത്താനാകുന്നു. കൊവിഡിനെ അകറ്റി നിറുത്തുന്നതിൽ പഞ്ചായത്ത് വിജയിക്കും".

- തങ്കമ്മ വർഗീസ്, പ്രസിഡന്റ്, അതിരപ്പിള്ളി പഞ്ചായത്ത്‌