തൃശൂർ : കഞ്ചാവ് ക്വട്ടേഷൻ സംഘം അരങ്ങ് വാഴുമ്പോൾ മൂന്ന് പേർക്ക് കൂടി ജീവൻ നഷ്ടമായി. ഒരാഴ്ച മുമ്പാണ് താന്ന്യത്ത് ക്രിമിനൽ കേസുകളിൽ പ്രതിയായ ആദർശും, കഴിഞ്ഞദിവസം പടിഞ്ഞാറെക്കോട്ടയിൽ സുഹൃത്തുകളുടെ ചവിട്ടേറ്റ് മനക്കൊടി സ്വദേശി രാജേഷും മരിച്ചത്. ഇന്നലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ സിജോയാണ് മരിച്ചത്. പടിഞ്ഞാറെക്കോട്ടയിലെ കൊലപാതകത്തിൽ ക്വട്ടേഷൻ ബന്ധം ഇല്ലെങ്കിലും മറ്റ് രണ്ട് കൊലപാതകങ്ങളിലും ക്രിമിനൽ പശ്ചാത്തലമാണ് കൊലപാതകത്തിന് കാരണമാകുന്നത്.

താന്ന്യത്ത് കൃത്യം,​ പട്ടാപ്പകൽ റോഡിലിട്ട്

ചായക്കടയിൽ ഇരിക്കുകയായിരുന്ന ആദർശിനെ കാറിലെത്തിയ സംഘം വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ആദർശ്. എതാനും വർഷം മുമ്പ് ജനതാദൾ നേതാവ് പി.ജി ദീപകിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും കൊലയാളികളിലുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് ആദർശ്. രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പിടികൂടിയെങ്കിലും സംഭവത്തിൽ തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്ക പൊലീസിനുണ്ട്.

അവണൂരിൽ കുടിപ്പക,​ തുടർക്കഥ

നിരവധി വർഷമായി അവണൂർ-വരടിയം മേഖലയിൽ വിവിധ ക്രിമിനൽ സംഘങ്ങൾ തമ്മിൽ സംഘട്ടനം പതിവാണ്. എപ്രിൽ 24 ന് രണ്ട് യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയാണ് സിജോ. അന്ന് മുണ്ടൂർ ഉരുളി പാലയിൽ പാവറട്ടിക്കാരൻ വീട്ടിൽ ശ്യാം (24) , മുണ്ടത്തിക്കോട് ചൊവ്വല്ലൂർക്കാരൻ വീട്ടിൽ ക്രിസ്റ്റോ (25) എന്നിവരാണ് മരിച്ചത്. കഞ്ചാവ് ലോബികൾ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും സംഘട്ടനങ്ങളുമാണ് കൊലപാതകങ്ങളിൽ കലാശിച്ചത്. കൊല്ലപ്പെട്ട സിജോയുടെ സഹോദരൻ ഡയമണ്ട് അടക്കമുള്ളവർ പ്രതികളായിരുന്നു. പിടിയിലായ സിജോ ജാമ്യത്തിലിറങ്ങി സ്വകാര്യ ബസിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ കാറുകളിലെത്തിയ സംഘമാണ് സിജോയും സുഹൃത്തുക്കളും ബൈക്കിൽ പോകുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയത്.