ദേശീയപാതയിൽ കണ്ടെയ്‌നർ ലോറി തെന്നിമാറി
ചാലക്കടി: കൊരട്ടി പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ ആഞ്ഞുവീശിയ ചുഴിക്കാറ്റ് വൻതോതിൽ നാശം വിതച്ചു. പതിനഞ്ചോളം വീടുകൾ തകർന്നു. അമ്പതിൽപരം വീട്ടുകാരുടെ കാർഷിക വിളകൾ നശിച്ചു. നിരവധി ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു. കാറ്റിന്റെ ശക്തിയിൽ ദേശീയ പാതയോരത്ത് നിറുത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറി തെന്നിനീങ്ങി. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
ചിറങ്ങരയിൽ നിന്നും ഉത്ഭവിച്ച കൊടുംകാറ്റ് വെസ്റ്റ് കൊരട്ടിയിലും നാശമുണ്ടാക്കി അന്നമനട ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. മുടപ്പുഴ വിതയത്തിൽ സെബാസ്റ്റ്യന്റെ വാർക്ക നീടിന് മുകളിലെ ഷീറ്റ് മൊത്തം പറന്നുപോയി. റെയിൽവേ പുറമ്പോക്കിലെ കളരിക്കൽ അരവിന്ദാക്ഷന്റെ ഓടുവീട് പ്ലാവ് വീണ് തകർന്നു. കളരിക്കൽ ലാൽ, ചിറങ്ങര ഇടയാട്ടിൽ ലവൻ തുടങ്ങിയവരുടെ വീടുകൾക്കാണ് നാശമുണ്ടായത്. പെരേപ്പാടൻ മറിയത്തിന്റെ വീട്ടിൽ വച്ചിരുന്ന ബൈക്ക് പ്ലാവ് വീണ് തകർന്നു.
ചിരങ്ങരയിലെ പഞ്ചാബി ദാബയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്‌നർ ലോറി തെന്നി നീങ്ങി താഴേക്കു മറിയുന്ന അവസ്ഥയിലെത്തി. ഇരുപതോളം ഇലക്ട്രിക്കൽ പോസ്റ്റുകൾ വിവിധയിടങ്ങളിലായി തകർന്നിട്ടുണ്ട്. പഞ്ചായത്തിലെ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം മുടങ്ങി. 25 വീട്ടുകാരുടെ ജാതിമരങ്ങൾ കടപുഴകി. പടിഞ്ഞാറെ കൊരട്ടിയിലും നിരവധി മരങ്ങൾ ഒടിഞ്ഞു വീണു. കൊരട്ടി പൊലീസ്, ചാലക്കുടി ഫയർഫോഴ്‌സ് എന്നീ വിഭാഗങ്ങളെത്തി രക്ഷാപ്രവർത്തനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.