തൃശൂർ: വീടിനുള്ളിൽ കഞ്ചാവ് ശേഖരിക്കുകയും വിൽക്കുകയും ചെയ്ത് വൻ കഞ്ചാവ് സംഘങ്ങളുടെയും ഗുണ്ടാസംഘങ്ങളുടെയും വളർച്ചയ്ക്ക് വഴിയൊരുക്കിയപ്പോൾ ഒരു ഗ്രാമം സാക്ഷിയായത് മൂന്ന് അരും കൊലകൾക്ക്. കഴിഞ്ഞവർഷം മുണ്ടൂർ വരടിയത്ത് വീട്ടിനുള്ളിൽ കഞ്ചാവ് വില്പന നടത്തിയ ഒരു സ്ത്രീയെയും മകനെയും അറസ്റ്റ് ചെയ്ത സംഭവം ഞെട്ടലോടെയാണ് പുറം ലോകമറിഞ്ഞത്. യുവാക്കളുടെ കഞ്ചാവ് വിൽപ്പനയ്ക്ക് വീട്ടിൽ നിന്നും സഹായവും മൗനാനുവാദവും കിട്ടുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ കേട്ടത്, കഞ്ചാവ് സംഘങ്ങളുടെ കുടിപ്പകയിൽ രണ്ടുപേരെ വെട്ടിക്കൊന്നുവെന്നായിരുന്നു.

മൂന്ന് പേരും ആക്രമണത്തിനിരയായി. ഒരാൾ മരണാസന്നനായി. കഞ്ചാവ് വിൽപ്പന നടത്തിയിരുന്നവർ രണ്ട് സംഘങ്ങളായി രൂപപ്പെടുകയും ഒരു സംഘം ഒറ്റുമ്പോൾ എതിർസംഘം ചോര കൊണ്ട് പ്രതികാരം തീർക്കുകയായിരുന്നു. ആ ഇരട്ടക്കൊലപാതകം കഴിഞ്ഞ് ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോൾ കൂട്ടാളികളെ വെട്ടിയവനെ തിരിച്ചുവെട്ടി ഇന്നലെ പ്രതികാരം തീർക്കുകയായിരുന്നു.

കഞ്ചാവ്, ഗുണ്ടാ മാഫിയാ സംഘത്തിൽ ഉൾപ്പെട്ടിരുന്നവരെ ഭീതിയോടെയായിരുന്നു നാട്ടുകാർ കണ്ടിരുന്നത്. അക്രമം ഭയന്ന് ആരും പൊലീസിൽ പരാതിപ്പെട്ടില്ല. വൻ പൊലീസ് സംഘം വീട് റെയ്ഡ് ചെയ്തിട്ടു പോലും ഇവരെ പിടികൂടാനായില്ല. പിന്നീട് എതിർസംഘം ഒറ്റിയപ്പോഴാണ് എക്‌സൈസ് പിടികൂടിയത്. വീടിന് കാവലായി വിലപിടിപ്പുളള നായ്ക്കളെയും ഇവർ വളർത്തിയിരുന്നു.

കഞ്ചാവ്, ലഹരി സംഘങ്ങളുടെ കേന്ദ്രമായ ഈ മേഖലയിൽ ഗുണ്ടാ സംഘങ്ങളുടെ വരവും പോക്കും ഇടപാടുകളുമെല്ലാം സംഘർഷത്തിന് ഇടയാക്കിയിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഗുണ്ടാസംഘങ്ങളും ഗുണ്ടാനേതാക്കളും അഴിഞ്ഞാടിയിരുന്ന സ്ഥലമാണ് മുണ്ടൂർ, വരടിയം, കൊട്ടേക്കാട് തുടങ്ങിയ ഗ്രാമങ്ങൾ. പൊലീസിന്റെ നിരന്തരമായ പരിശോധനകളും അറസ്റ്റും കാപ്പ നിയമവുമെല്ലാം കാരണം ഗുണ്ടാനേതാക്കൾ പലരും വർഷങ്ങളോളം ജയിലിലായി. ചില ഗുണ്ടാത്തലവന്മാർ കൊല്ലപ്പെട്ടതോടെ ഏതാനും വർഷങ്ങളായി ശാന്തമായിരുന്നു.

കഞ്ചാവിന് വഴിമാറി മദ്യം

പാടവും കുറ്റിക്കാടുകളുമുളള ഇൗ ഗ്രാമങ്ങളിൽ മുൻകാലങ്ങളിൽ വ്യാജമദ്യമായിരുന്നു ഗുണ്ടകളെ വളർത്തിയിരുന്നതെങ്കിൽ അടുത്ത കാലത്ത് കഞ്ചാവും മയക്കുമരുന്നും മറ്റ് ന്യൂജൻ ലഹരിവസ്തുക്കളുമാണ്. ഗുണ്ടകളെ ഒതുക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ അന്നത്തെ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര നിയോഗിച്ചിരുന്നു. തൃശൂരിൽ ഗുണ്ടാഅക്രമങ്ങളുടെ കേന്ദ്രമായി മാറിയ ഇൗ ഗ്രാമങ്ങളിലെ ജനങ്ങൾ ഇന്നലെ പാതിരാത്രിയിലുണ്ടായ കൊലപാതകത്തിന് ശേഷം വീണ്ടും ഭീതിയിലായി.