കാഞ്ഞാണി: കണ്ടശ്ശാങ്കടവ് ജലോത്സവ പവലിയനും കോംപ്ലക്‌സും പാർക്കും ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരമാകാതെ കോടികളാണ് നശിക്കുന്നത്. ഇതേക്കുറിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മണലൂർ പഞ്ചായത്തിന് ഉടമസ്ഥാവകാശം വിട്ടുകിട്ടാൻ മുരളി പെരുനെല്ലി എം.എൽ.എ മുഖേന ഇറിഗേഷൻ വകുപ്പിനും ടൂറിസം വകുപ്പിനും കത്ത് നൽകിയിരുന്നു. അറ്റകുറ്റപണികൾ നടത്തുന്നതിൽ തടസമില്ലെന്നുള്ള മറുപടി മാത്രമാണ് ഇറിഗേഷൻ വകുപ്പിൽ നിന്ന് കിട്ടിയത്. ടുറിസം വകുപ്പിൽ നിന്ന് മറുപടിയും ഇല്ല. ജില്ലയിലെ ഏറ്റവും വലിയ വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റ് എന്ന പ്രാധാന്യം കണക്കിലെടുത്ത് 2,300 ചതുരശ്ര അടി വിസ്തീർണമുള്ള അഞ്ഞൂറിൽപരം പേർക്ക് ഇരിക്കാവുന്നതുമായ ഗാലറിയും, അതിനോട് ചേർന്ന മൂന്നു മുറികളും, കുട്ടികളുടെ പാർക്കുമാണ് നിർമ്മിച്ചത്.
ടൂറിസം വകുപ്പിന്റെ ഒരു കോടി വിനിയോഗിച്ച് 2016ൽ മന്ത്രി എ.സി മൊയ്തീനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉടമാവസ്ഥാവകാശം ആർക്കെന്നുള്ളതിന് കൃത്യത വരുത്തിയിരുന്നില്ല. ഉടമസ്ഥാവകാശം തീരുമാനമാകാത്തതിൽ കോംപ്ലക്‌സിന് പഞ്ചായത്ത് നമ്പറും നൽകിയിട്ടില്ല. പവലിയൻ ഭിത്തികൾക്ക് വിള്ളലും, പാർക്ക് സൈഡ് ഭിത്തികൾ തകർന്നും, ഉപകരണങ്ങൾക്കും തുരുമ്പും പിടിച്ചും നശിക്കുകയാണ്. പവലിയനും പാർക്കും പുൽക്കാടുകൾ വളർന്ന് ആർക്കും വരാൻ കഴിയാത്ത അവസ്ഥയിലാണ്.
............
ഉടമാസ്ഥാവകാശം വിട്ടുകിട്ടാൻ ടൂറിസം വകുപ്പിനും ഇറിഗേഷനും എം.എൽ.എ മുഖേന കത്ത് നൽകിയിരുന്നു. അറ്റകുറ്റപണി നടത്തുന്നതിൽ വിരോധമില്ലെന്ന് കാട്ടി ഇറിഗേഷന്റെ കത്ത് കിട്ടിയിട്ടുണ്ട്. ടൂറിസം വകുപ്പിൽ നിന്ന് ഒരു തീരുമാനവും അറിയിച്ചിട്ടില്ല. ഉടമസ്ഥാവകാശം പഞ്ചായത്തിന് കിട്ടാതെ പഞ്ചായത്തിന് ഫണ്ട് ചെലവഴിക്കാനാകില്ല.
വിജി ശശി
പ്രസിഡന്റ്, മണലൂർ പഞ്ചായത്ത്.