തൃശൂർ: പി.സി. ജോർജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം സംസ്ഥാന വൈസ് ചെയർമാൻ എം.എം. സുരേന്ദ്രനും ജില്ലയിലെ പ്രധാന ഭാരവാഹികളും അടക്കം 850 പേർ രാജിവച്ച് കേരള കോൺഗ്രസ് എമ്മിൽ (ജോസ് പക്ഷം) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനപക്ഷം ചെയർമാൻ പി.സി. ജോർജ്, മകൻ ഷോൺ ജോർജ് എന്നിവരുടെ തുടർച്ചയായുള്ള ധിക്കാരപരമായ നിലപാടുകളിൽ വിയോജിച്ചാണ് തൃശൂർ ജില്ലയുടെ സംഘടനാ ജനറൽ സെക്രട്ടറി പി.കെ. പ്രജാനന്ദൻ ഉൾപ്പെടെയുളളവർ രാജിവച്ചതെന്ന് എം.എം. സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിലെ നേതാക്കളും പ്രവർത്തകരും അടുത്തദിവസം രാജിവയ്ക്കും. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം തങ്കച്ചൻ വർഗീസ്, തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി സുമേഷ് പുഴയ്ക്കൽ, ജനപക്ഷം വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സലീന എബ്രഹാം എന്നിവരും രാജിവച്ചവരിൽപ്പെടും.

തൃശൂർ ജില്ലയിലെ ഒല്ലൂർ, ഇരിങ്ങാലക്കുട ഒഴികെയുള്ള മറ്റു എട്ടു നിയോജക മണ്ഡലം ഭാരവാഹികളും രാജിവച്ചു. ഒരു നിയോജകമണ്ഡലം ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. വാർത്താ സമ്മേളനത്തിൽ വർഗീസ്, പ്രജാനന്ദൻ, സുമേഷ് പുഴയ്ക്കൽ, സലീന എബ്രഹാം എന്നിവരും പങ്കെടുത്തു.