മാള: മാള സബ്ട്രഷറി അന്നമനടയിലേയ്ക്ക് മാറ്റാനുള്ള നീക്കം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സബ്ബ് ട്രഷറി നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകിയ കുടുംബാംഗം ഷാന്റി ജോസഫ് തട്ടകത്ത് ആരോപിച്ചു. ഇതിനായി അന്നമനട പഞ്ചായത്ത് ഭരണപക്ഷം ഇടതുപക്ഷത്തിലെ ചില നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
2018 ലെ പ്രളയത്തിന് ശേഷം ഒക്ടോബറിൽ പൊതുമരാമത്ത് വകുപ്പ് ട്രഷറി കെട്ടിടം പരിശോധന നടത്തിയിരുന്നെങ്കിലും അവരുടെ മേൽനോട്ടത്തിലല്ല പണി പൂർത്തീകരിച്ചത്. കെട്ടിട നിർമ്മാണത്തെ കുറിച്ചുള്ള ഒരു രേഖകളും പൊതുമരാമത്ത് വകുപ്പിന്റെ കൈവശം ഇല്ലാത്തതിനാൽ നിർമ്മിച്ച ഏജൻസി വഴി പരിശോധിക്കാനും അറ്റകുറ്റപണികൾ തീർക്കാനുമാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം റിപ്പോർട്ട് നൽകിയത്.
കെട്ടിടം നിർമ്മിച്ച ഇൻകലിനോടോ മേൽനോട്ടം വഹിച്ച ബി.എസ്.എൻ.എൽ കെട്ടിട നിർമ്മാണ വിഭാഗത്തോടോ ആവശ്യപ്പെടാതെ രേഖകൾ കൈവശം ഇല്ലാത്ത തദ്ദേശ സ്വയഭരണ വകുപ്പ് എൻജിനിയറോട് റിപ്പോട്ട് ആവശ്യപ്പെടുകയായിരുന്നു. കെട്ടിടം അറ്റകുറ്റപണി നടത്താൻ സാദ്ധ്യമല്ലായെന്ന് എഴുതിയത് വഴി തദ്ദേശ സ്വയഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ചെയ്തത് ഗൂഢാലോചനയാണെന്നും ഷാന്റി ജോസഫ് തട്ടകത്ത് ആരോപിച്ചു.
ചീഫ് ടെക്നിക്കൽ എക്സാമിനറെ കൊണ്ട് പരിശോധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നെങ്കിലും അത് നടന്നിട്ടില്ല. നിർമ്മാണത്തിൽ അപാകത ഉണ്ടെങ്കിൽ പരിഹരിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഈ വിഷയത്തിൽ വി.ആർ സുനിൽ കുമാർ എം.എൽ.എ നൽകിയ കത്ത് പരിഗണിക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും ഷാന്റി ജോസഫ് വ്യക്തമാക്കി.