kadalkshobham
ശക്തമായ തിരകളടിച്ച് വെള്ളം വീട്ടിലേക്ക് കേറുന്നു

ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ വീണ്ടും കടൽക്ഷോഭം രൂക്ഷം. ഇന്നലെ ഉച്ചയ്ക്കുശേഷം ശക്തമായ തിരകളടിച്ച് വെള്ളം വീടുകളിലേക്ക് കയറി. ആശുപത്രിപ്പടി, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനയ്ക്കക്കടവ് എന്നിവിടങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായത്.

കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിലൂടെ വെള്ളം അടിച്ചുകയറി. പ്രധാന റോഡായ കോർണീഷ് റോഡും കവിഞ്ഞൊഴുകി. കടൽ ക്ഷോഭത്തിന് താത്കാലിക പരിഹാരമായി ജിയോ ബാഗുകൾ സ്ഥാപിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി എന്നിവർ ആവശ്യപ്പെട്ടു.

ശാശ്വത പരിഹാരമായി ശാസ്ത്രീയമായി ഭിത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടപ്പുറം മുനയ്ക്കക്കടവ് മുതൽ തൊട്ടാപ്പ് വരെയുള്ള തീരത്തെ 200 ഓളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.