മറ്റത്തൂർ: അതിവർഷം വരുമെന്ന പ്രഖ്യാപനത്തിൽ പ്രളയഭീഷണി നേരിടുന്ന മറ്റത്തൂർ പഞ്ചായത്തിലെ കോടാലിപ്പാടത്ത് കൃഷിയിറക്കാൻ കർഷകർ തയ്യാറായില്ലെങ്കിലും തനിയെ മുളച്ച നെൽച്ചെടികൾ കതിരിട്ടു. കോടാലിപ്പാടത്തിന്റെ പകുതിയിലേറെ സ്ഥലത്തും ഇക്കുറി കൃഷിയിറക്കിയിരുന്നില്ല. എന്നാൽ മുണ്ടകൻ വിളവെടുപ്പിൽ കൊയ്ത്തിനിടെ നിലത്തുവീണ നെൽമണികളാണ് മുളച്ച് കതിരിട്ട് നിൽക്കുന്നത്.
കൊയ്‌തൊഴിഞ്ഞ പാടത്ത് കാലിക്കൂട്ടങ്ങൾ മേയാറുള്ള പതിവ് ഇല്ലാതിരുന്നതാണ് നെൽച്ചെടികളും പുല്ലും വളർന്നതിന് കാരണമെന്നാണ് കർഷകരുടെ പക്ഷം. വിളഞ്ഞ നെല്ല് ചില കർഷകർ യന്ത്രസഹായമില്ലാതെ തന്നെ കൊയ്‌തെടുത്തു. എന്നാൽ കൈകൊണ്ടുള്ള കൊയ്ത്ത് പ്രയാസമായതിനാൽ വിളഞ്ഞ നെല്ലുകൾ വിളവെടുക്കാതെ നിൽക്കുകയാണ്.
കൃഷിയിറക്കാതെ വിളഞ്ഞതിനാൽ ഇക്കുറി തത്തയെയും പ്രാവിനെയും ഒന്നും ശല്യം ചെയ്യാനും കർഷകർ എത്തിയില്ല. ഏറെ നിലങ്ങളിലും നെല്ല് കതിരിട്ട് നിൽക്കുന്നതിനാൽ കിളികൾ കൂട്ടമായാണ് ഇവിടേക്കെത്തുന്നത്. കോടാലിപ്പാടത്ത് ആകെയുള്ള 65 ഹെക്ടറിൽ 15 ഹെക്ടറിൽ മാത്രമേ കൃഷിയിറക്കുന്നുള്ളു. 50 ഹെക്ടർ സ്ഥലവും തലമുണ്ടോൻ കൃഷിയിറക്കുകയാണന്ന് കോടാലിപ്പാടം കർഷക സമിതി പ്രസിഡന്റ് തോമസ് ഇഞ്ചക്കുഴിയിൽ പറഞ്ഞു.