ചാലക്കുടി: കൊരട്ടി പഞ്ചായത്തിനെ പിടിച്ചുകുലുക്കി ചുഴലിക്കാറ്റ്. ഞായറാഴ്ച വീശിയ ചുഴലിക്കാറ്റ് അന്നമനട പഞ്ചായത്തിന്റെ കിഴക്കൻ ഭാഗത്തെ വാർഡുകളിൽ വൻനാശം വിതച്ചു. അമ്പതോളം വീടുകളിൽ കാർഷിക വിളകൾ നശിച്ചു. നാണ്യവിളകളും മറ്റു മരങ്ങളും കടപുഴകി വീണിട്ടുണ്ട്.
വെസ്റ്റ് കൊരട്ടിയിലെ കയ്യാല ജോണിയുടെ വീടിന്റെ പിൻഭാഗം പൂർണ്ണമായും മരം വീണ് തകർന്നു. കയ്യാല ഫ്രാൻസീസ്, കയ്യാല വിൽസൺ എന്നിരുടെ വീടുകൾക്കു മുകളിലും മരം വീണു. കയ്യാല ജോസിന്റെ 15 ജാതിമരം കടപുഴകി മോട്ടോർ ഷെഡും തകർന്നു.
കൂരൻ എൽദോസിന്റ നിരവധി ജാതികളും നശിച്ചു. കയ്യാല വർഗീസിന്റെ വീടിനുമേൽ തെങ്ങു വീണു. റബ്ബർ മരങ്ങൾ വീണ് മോട്ടോർ ഷെഡ് തകർന്നു. എല്ലായിടത്തും നിരവധി ഇലക്ട്രിക് പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. വൈദ്യുതി ബന്ധം നിശ്ചലമാകുകയും ചെയ്തു.