ചാലക്കുടി: കൊവിഡ് ഭീതിയെ തുടർന്ന് നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കിയ നടപടി പിൻവലിച്ചു. നഗരത്തിൽ സമൂഹ വ്യാപനത്തിന്റെ ആശങ്ക ഒഴിവായ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ചാലക്കുടിക്ക് ഇളവു നൽകിയത്. നഗരസഭയിലെ ഡ്രൈവർ, വനിതാ കൗൺസിലർ എന്നിവർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നായിരുന്നു ടൗൺ വാർഡുകൾ അടച്ചിടുന്ന തീരുമാനമുണ്ടായത്. വെട്ടുകടവ്, സെന്റ് മേരീസ് ചർച്ച്, മുനിസിപ്പൽ ഓഫീസ്, മുനിസിപ്പൽ ക്വാർട്ടേഴ്‌സ്, ആര്യങ്കാല, പ്രശാന്തി ആശുപത്രി, കരുണാലയം എന്നീ വാർഡുകളിലായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.