തൃശൂർ: കോൺഗ്രസ് നേതാവ് എം.ആർ രാമദാസ് പ്രതിയായ അയ്യന്തോൾ പഞ്ചിക്കലിലുള്ള പിനാക്കിൾ കൊലപാതക കേസിൽ ചൊവ്വാഴ്ച വിധി പറയൽ മാറ്റി. ഈ മാസം പത്തിനാണ് വിധി പറയുക. തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.ആർ മധുകുമാറാണ് ശിക്ഷ വിധിക്കുക. പ്രതികൾ എല്ലാവരും കോടതിയിലെത്തിയിരുന്നു.
2016 മാർച്ച് മൂന്നിനാണ് കൊലപാതകമുണ്ടായത്. കാമുകിയും സുഹൃത്തും തമ്മിലുള്ള ബന്ധത്തിൽ സംശയം തോന്നി, ഒറ്റപ്പാലം സ്വദേശിയായ സതീശനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പുതുക്കാട് സ്വദേശി ബ്‌ളോക്ക് കോൺഗ്രസ് നേതാവ് റഷീദാണ് കേസിലെ മുഖ്യപ്രതി. ഫെബ്രുവരി 29ന് ഫ്‌ളാറ്റിൽ ക്രൂരമർദ്ദനത്തിന് ശേഷം മുറിയിൽ പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും നൽകാതെ ക്രൂരമായ മർദ്ദനമുറകളെ തുടർന്ന് പിന്നീട് മൂന്നിനായിരുന്നു സതീശൻ മരിച്ചത്.
വിവരം രാമദാസിന് അറിയാമായിരുന്നത് പൊലീസ് കണ്ടെത്തി. പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതായും ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഒന്നാം പ്രതി റഷീദ്, സഹായി സുനിൽ, റഷീദിന്റെ കാമുകി ശാശ്വതി, സുഹൃത്ത് കൃഷ്ണപ്രസാദ്, മറ്റ് സഹായങ്ങൾ ചെയ്ത രതീഷ്, ബിജു, സുനിൽ, എം.ആർ രാമദാസ്, സുജീഷ് എന്നിങ്ങനെ എട്ട് പേരാണ് കേസിലെ പ്രതികൾ. സ്‌പെഷൽ പ്രോസിക്യൂട്ടർ വിനു വർഗീസ് കാച്ചപ്പിള്ളിയും, സജി ഫ്രാൻസിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവരാണ് ഹാജരാകുക.