തൃശൂർ: പട്ടികജാതി - വർഗ വിഭാഗത്തിന് അനുവദിച്ച ഫണ്ടിനെക്കുറിച്ചും ചെലവഴിച്ചതിനെക്കുറിച്ചും സംസ്ഥാന സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. 2019- 20 സാമ്പത്തിക വർഷം പട്ടികജാതി വിഭാഗത്തിന് വകയിരുത്തിയ 1587.71 കോടിയിൽ 301.34 കോടിയും പട്ടിക വിഭാഗത്തിന് വകയിരുത്തിയ 683.63 കോടിയിൽ 146 കോടിയും മാത്രമാണ് ചെലവഴിച്ചത്.

2016 മുതൽ 18 വരെ വർഷങ്ങളിലും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കാതിരിക്കുന്നത്. ഈ വിഭാഗങ്ങൾക്കുള്ള ചികിത്സാനുകൂല്യങ്ങളും വിവാഹ ധനസഹായങ്ങളും വിതരണം ചെയ്യാൻ പോലും സാധിച്ചിട്ടില്ലെന്നും ഷാജുമോൻ ആരോപിച്ചു. ഈ വിഷയത്തിൽ മന്ത്രി എ.കെ. ബാലനും പട്ടികജാതി - വർഗ വിഭാഗങ്ങളിലെ 16 എം.എൽ.എമാരും മറുപടി പറയണമെന്നും പട്ടികജാതി മോർച്ച ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പി.കെ. ബാബു, ജില്ലാ പ്രസിഡന്റ് വി.സി. ഷാജി, ശശി മരുതയൂർ, രാജൻ പുഞ്ചായ്ക്കൽ എന്നിവർ പങ്കെടുത്തു.