തൃശൂർ: ജില്ലയിൽ വെള്ളക്കെട്ട്- വെള്ളപ്പൊക്കം പ്രതിരോധിക്കാനായി ഒരു ലക്ഷത്തിലേറെ ആളുകളെ പാർപ്പിക്കാൻ ക്യാമ്പുകൾ ഒരുക്കുന്നു. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. എ, ബി, സി, ഡി എന്നിങ്ങനെ നാല് വിവിധ വിഭാഗങ്ങളായാണ് ക്യാമ്പുകൾ.
പൊതുവായ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ എ വിഭാഗം കെട്ടിടവും, 60 വയസിനു മുകളിൽ ഉള്ളവർ, കൊവിഡ് ഇതര രോഗങ്ങൾ ഉള്ളവർ, എന്നിവർക്കായി ബി വിഭാഗം കെട്ടിടവുമാണ് ഉപയോഗിക്കുക. സി വിഭാഗത്തിൽ കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരെ താമസിപ്പിക്കാൻ മുറിയോട് ചേർന്ന് ശുചിമുറി ഉൾപ്പെടെ സൗകര്യങ്ങളൊരുക്കും.
ഡി വിഭാഗം കെട്ടിടത്തിൽ, ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളെ മാറ്റി താമസിപ്പിക്കാൻ മുറിയോട് ചേർന്ന് ടോയ്‌ലറ്റ് സംവിധാനവുമുണ്ട്. ഹോം ക്വാറന്റൈൻ അവസാനിക്കുന്ന മുറയ്ക്ക് ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ ഇവരെ എ വിഭാഗം കെട്ടിടത്തിൽ താമസിപ്പിക്കും.
2018, 2019 വർഷങ്ങളിൽ പ്രളയത്തിന് മഴയോടൊപ്പം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണമായിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇതുപ്രകാരം നദീ തടങ്ങൾ, സമുദ്രനിരപ്പിന് താഴെയുള്ള വയൽ പ്രദേശങ്ങളായ കോൾനിലങ്ങൾ, നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങൾ, കനാലുകളുടെ ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവയാണ് വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുറമേ സംസ്ഥാന ദുരന്ത നിവാരണ നിധി, ജലസേചന വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ, കൃഷി വകുപ്പ് എന്നിവയുടെ ഫണ്ടുകൾ ലഭ്യമാക്കി ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ദുരന്തനിവാരണ പദ്ധതി നടപ്പിലാക്കുന്നത്.
819 ക്യാമ്പുകൾ
108777 ആളുകൾ
ചാലക്കുടി താലൂക്കിൽ 117
കൊടുങ്ങല്ലൂർ -120
തൃശൂർ -176
തലപ്പിള്ളി -110
ചാവക്കാട് - 161
കുന്നംകുളം - 31
മുകുന്ദപുരം -104 .
വിളിക്കാം:
അടിയന്തര ഘട്ട കാര്യ നിർവഹണ കേന്ദ്രം 24 മണിക്കൂറും കളക്ടറേറ്റിൽ പ്രവർത്തിക്കുന്നു. ഫോൺ 0487- 2362424, 9447074424. ടോൾഫ്രീ 1077.
ദുരന്ത സാഹചര്യം നേരിടുന്നതിന് മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം.
കെ.എൽ.ഡി.സി യുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്നത് 14.5 കോടിയുടെ വിവിധ പ്രവർത്തനങ്ങൾ.
പ്രളയ ജലം ഒഴുകി പോകുന്നതിന് ആവശ്യമായ പാലങ്ങൾ, സ്ലുയിസുകൾ എന്നിവയുടെ നിർമ്മാണം തുടരുന്നു.
ജല പ്രയാണം' പദ്ധതിയിലൂടെ 77 കിലോമീറ്റർ ദൂരത്തിലുള്ള നദീതടം സുഗമമായ ഒഴുക്കിന് സജ്ജമാകുന്നു.