തൃശൂർ: സ്വർണക്കള്ളക്കടത്തു കേസിൽ പീലാത്തോസിനെ പോലെ മുഖ്യമന്ത്രിക്ക് കൈകഴുകി ഒഴിഞ്ഞുമാറാനാകില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്‌നാൻ എം.പി. ഐ.ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ചങ്ങലക്കണ്ണികൾ നീണ്ടതാണ്. കോൺസുലേറ്റിൽ നിന്ന് പുറത്തായ ശേഷം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനി വഴിയാണ് സ്വപ്‌നയ്ക്ക് ജോലി ലഭിച്ചത്.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സും അതിലെ ഉദ്യോഗസ്ഥരും എക്‌സാ ലോജിക് എന്ന കമ്പനിയുമായി ബന്ധപ്പെട്ടതാണ്. ഇത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു. യു.എ.ഇ. കോൺസുലേറ്റിൽ നിന്നും പിരിച്ചുവിട്ട സ്വപ്‌നയെന്ന വിവാദ വനിതയെ ഇവിടേക്കു കൊണ്ടുവന്നത് ആരാണ് ?. സരിത വിവാദമുണ്ടായ വേളയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വരെ ആക്ഷേപിച്ചു. പ്രകാശ് കാരാട്ട് അടക്കം എതിർത്ത കമ്പനിയാണ് വാട്ടർഹൗസ് കൂപ്പേഴ്‌സ്. ഈ സാഹചര്യത്തിൽ അടിയന്തരമായി മുഖ്യമന്ത്രിയെ പി.ബിയിൽ നിന്നും നീക്കാൻ ആർജവം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.എൻ പ്രതാപൻ എം.പിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.