chakkamparambu-dpmups
വിദ്യാവനം പദ്ധതി ഉദ്‌ഘാടന ചടങ്ങ് വിജ്ഞാനദായിനി സഭ ചക്കാംപറമ്പ് ഡോ.പൽപ്പു സ്മാരക യു.പി.സ്‌കൂളിൽ ഇലഞ്ഞിമര ചുവട്ടിൽ നടക്കുന്നു

മാള: കാടിനെ തൊട്ടറിഞ്ഞ് പഠിക്കാനും സ്നേഹിക്കാനും വനം വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാലയത്തോട് ചേർന്ന് കാടൊരുക്കുന്നു. സാമൂഹിക വനവത്കരണ പദ്ധതി വിദ്യാവനത്തിന്റെ ഭാഗമായാണ് കാടൊരുക്കുന്നത്. വനം വകുപ്പ് ചാലക്കുടി ഡിവിഷന്റെ നേതൃത്വത്തിൽ ചക്കാംപറമ്പ് ഡോ. പൽപ്പു സ്മാരക യു.പി സ്‌കൂളിലെ അഞ്ച് സെന്റ് സ്ഥലത്താണ് കാടൊരുക്കുന്നത്. ചക്കാംപറമ്പ് വിജ്ഞാനദായിനി സഭയുടെ കീഴിലുള്ളതാണ് സ്‌കൂൾ. ഈ സ്ഥലത്തിലൂടെയുള്ള ചെറു തോടും കൂടി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

സഭ വക സ്ഥലത്ത് ഇപ്പോൾ തന്നെ നിരവധി ഔഷധ സസ്യങ്ങൾ ഉണ്ട്. സ്ഥലത്തെ അഞ്ച് സ്‌ക്വയർ മീറ്റർ വീതമുള്ള 40 കള്ളികളായി തിരിച്ചാണ് തൈകൾ വച്ചത്. വൻമരം, ചെറുമരം, കുറ്റിച്ചെടി, വള്ളിച്ചെടി, പുല്ല് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഉയരം കൂടിയതും കുറഞ്ഞതും പ്രത്യേക അനുപാതത്തിലാണ് നട്ടത്. ഓരോ തരത്തിലും 20 വീതം തൈകളാണ്. നൂറ് വ്യത്യസ്ത ഇനങ്ങളിലുള്ള തൈകളാണ് വളർത്തുക. പദ്ധതി പ്രദേശത്തെ തോടിന് ഇരുവശവും കയർഭൂവസ്ത്രം ഒരുക്കി രാമച്ചവും ഇഞ്ചിപ്പുല്ലും നട്ടുവളർത്തും. ഈ പദ്ധതി പൂർണമായി ഏറ്റെടുക്കുമെന്ന് സ്‌കൂൾ മാനേജർ എ.ആർ രാധാകൃഷ്ണൻ പറഞ്ഞു. ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഇലഞ്ഞിമര ചുവട്ടിൽ നടന്ന പദ്ധതിയുടെ ഉദ്‌ഘാടനം മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് നിർവ്വഹിച്ചു.

വനം വകുപ്പ് റേഞ്ച് ഓഫീസർ സുമോ സ്കറിയ, വാർഡ് മെമ്പർ ആശാ മനോജ്, പ്രധാനദ്ധ്യാപകൻ സി.എ അഭിലാഷ്, വനം വകുപ്പ് ഓഫീസർ സി.ആർ ജോസഫ്, വി.കെ ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി. അടുത്ത അഞ്ച് വർഷം കൊണ്ടാണ് പദ്ധതി പൂർണതയിലെത്തുകയുള്ളൂ. ജില്ലയിൽ ആദ്യഘട്ടമെന്ന നിലയിൽ പരിപാലനം ഉറപ്പാക്കി രണ്ട് വിദ്യാലയങ്ങളിലാണ് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്.

...............

കുട്ടികളിൽ കാടുകളെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനൊപ്പം നേരിട്ട് കാണാനും പഠിക്കാനും അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം


പി.എംപ്രഭു

അസിസ്റ്റന്റ് കൺസർവേറ്റർ