kdambu

കടമ്പ് പൂത്ത് നിൽക്കുന്നു


കൊടകര: ഹിന്ദുമതത്തിലെ ദേവപരിവേഷമുള്ള കടമ്പ് പൂത്തത് കണ്ടുപരിചയമില്ലാത്തതിനാൽ നാട്ടുകാർക്കിടയിൽ കൊറോണക്കായയായി. കുറുമാലിപുഴയോട് ചേർന്ന് കിടക്കുന്ന മറ്റത്തൂർ മൂലംകുടം പള്ളത്തേരി ശിവശങ്കരന്റെ വീട്ടുപറമ്പിലാണ് കടമ്പ് പൂത്തുനിൽക്കുന്നത്. കടമ്പ് പൂക്കുന്നത് മഴക്കാലമായതിന്റെ സൂചനയാണ്. കുറുമാലിപ്പുഴയിലേക്ക് ഇടിഞ്ഞുവീണ സ്ഥലത്താണ് കടമ്പ് വളർന്ന് പൂവിട്ട് നിൽക്കുന്നത്. 10 വർഷത്തോളം പഴക്കമുണ്ടെങ്കിലും ഇതിൽ പൂവിട്ടത് ആദ്യമായാണ് വീട്ടുകാരും കാണുന്നത്.

കൊറോണക്കാലമായതിനാലാണ് ഇത് ശ്രദ്ധയിൽ പെട്ടത്. കൊവിഡ് വൈറസിന്റെ മാതൃകയിലായതിനാൽ കൊറോണക്കായയെന്നും നാട്ടുകാർ പേരിട്ടു. ഇത് നട്ടുവളർത്തിയതല്ലെന്നും മലവെള്ളത്തിൽ ഒഴികിയെത്തിയതാവാമെന്നും ശിവശങ്കരൻ പറഞ്ഞു. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തുമായി നൂറോളം പൂക്കൾ ഉണ്ട്. ചെറിയ പന്ത് പോലെ മാസങ്ങളോളം ഇവ തൂങ്ങിക്കിടക്കും. വെള്ളകലർന്ന ഓറഞ്ച് നിറമാണ് ഇതിന്. ചെറുസുഗന്ധമുള്ള പൂക്കളുള്ള ഫലങ്ങൾ ഒക്ടോബർ മാസത്തിലാണ് മൂപ്പെത്തുക.

കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. നിത്യഹരിത വനങ്ങളിലും ആറ്റിൻ കരയിലുമാണ് ഇവ വളരുക. ആറ്റിൻകരയിൽ വളരുന്നതിനാലാണ് ആറ്റുതേക്ക് എന്നും ഇതിനു പേരുകിട്ടി. ആറ്റുതേക്ക് എന്ന് പേരുണ്ടെങ്കിലും തടിക്ക് ഉറപ്പില്ല. ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ ഒരുമിച്ച് ഇല പൊഴിക്കുന്നില്ല. വേഗത്തിൽ വളരുന്ന മരത്തിന് അതിശൈത്യം അത്ര നല്ലതല്ല.

ഹിന്ദുമതത്തിന്റെ ഭാഗമായ കടമ്പു മരം ദേവപരിവേഷമുള്ള വൃക്ഷമാണ്. വൃക്ഷ ആരാധനയിലും കൃത്യമായ സ്ഥാനം കടമ്പിനുണ്ട്. പുരാണങ്ങളിൽ രാധയും കൃഷ്ണനും പ്രണയസല്ലാപങ്ങൾ നടത്തിയിരുന്നത് കടമ്പു മരത്തിനു കീഴിലായിരുന്നു. പിരിഞ്ഞുപോയ കാമുകീകാമുകന്മാരെ ഒന്നിപ്പിക്കാൻ ഈ വൃക്ഷത്തിന് കഴിവുണ്ടെന്നാണ് വിശ്വാസം. കടമ്പ് മരത്തിന്റെ കൊമ്പിൽ കയറിയാണ് ശ്രീകൃഷ്ണൻ കാളിയമർദനത്തിനായി യമുനയാറ്റിൽ ചാടിയത്. അങ്ങനെ ഒട്ടനവധി കഥകൾ ശ്രീകൃഷ്ണനുമായി ചുറ്റിപ്പറ്റി കടമ്പു മരത്തിനു പറയാനുണ്ട്.

പക്ഷിരാജാവായ ഗരുഡൻ ദേവലോകത്തുനിന്ന് അമൃതുമായി വരുംവഴി യമുനാനദിക്കരയിലെ കടമ്പ് മരത്തിലാണ് വിശ്രമിച്ചത്. ആ സമയം അൽപം അമൃത് മരത്തിൽ വീഴാനിടയായി. പിന്നീട്, കാളിയന്റെ വിഷമേറ്റ് യമുനാനദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയപ്പോൾ കടമ്പുമരം മാത്രം ബാക്കിയായി. അമൃത് വീണതിനാലാണ് കടമ്പ് മരം ഉണങ്ങാതിരുന്നതെന്നും കഥകൾ.

ധാരാളം ഔഷധഗുണങ്ങളും കൂടി അടങ്ങിയ ഒന്നാണ് കടമ്പു മരം. കടമ്പ് മരത്തിന്റെ തൊലി, പൂവ്, കായ, വേര് എന്നിവ ഔഷധഗുണം നിറഞ്ഞതാണ്. കടമ്പിൻ പൂക്കൾ പൂജാചടങ്ങുകളിൽ ഉപയോഗിച്ചുവരുന്നു. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനും പൂക്കൾ ഉപയോഗിക്കുന്നു.