മാള: കുഴൂർ പഞ്ചായത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ സി.പി.എം സമരം തുടങ്ങി. അഴിമതിയും വികസന മുരടിപ്പും പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങളിലെ അനാസ്ഥയും ആരോപിച്ചാണ് സമരം. പുഴയിലെയും കരിക്കാട്ടു ചാലിലേയും വെള്ളം പ്രയോജനപ്പെടുത്തി കാർഷിക മേഖലയിൽ നേട്ടമുണ്ടാക്കാനുള്ള ഒരു പദ്ധതിയും നടപ്പാക്കിയില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ ഇതര ജില്ലയിൽ നിന്നെത്തിയ പെൺകുട്ടിക്ക് താമസ സൗകര്യം ഒരുക്കാൻ പോലും തയ്യാറായില്ലെന്നും സി.പി.എം സമരത്തിലൂടെ ആരോപിക്കുന്നു. ഫൈബർ ബോട്ട് വാങ്ങാനുള്ള പദ്ധതിയും തോടുകൾ വൃത്തിയാക്കുന്ന നടപടികളും പഞ്ചായത്ത് ഭരണസമിതി ചെയ്തില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത് സി.പി.എം മാള ഏരിയ കമ്മറ്റി സെക്രട്ടറി ടി.കെ സന്തോഷ് പറ‍ഞ്ഞു. അഞ്ച് ദിവസം വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും. പി.എം ശിവശങ്കരൻ, ടി.ഐ മോഹൻദാസ്, ജോബി, ടി.എ ഷെമീർ എന്നിവർ നേതൃത്വം നൽകി.