ആമ്പല്ലൂർ: തൊഴിലാളികളുടെയും തൊഴിൽ സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളുടെ ചരിത്രമാണ് ആമ്പല്ലൂരിനുള്ളതെന്നും ആമ്പല്ലൂരിന്റെ മഹത്തായ ഈ പൈതൃകം തൊഴിലാളികൾ ഉയർത്തിപ്പിടിക്കണമെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ. പുതുക്കാട് മണ്ഡലത്തിലെ ടെക്‌സ്റ്റയിൽസ്, ഓട്, തോട്ടം വ്യവസായങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപെട്ട് സി.പി.ഐ പുതുക്കാട് മണ്ഡലം കമ്മിറ്റി ആമ്പല്ലൂരിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയദേവൻ.
അളഗപ്പ ടെക്‌സ്റ്റയിൽസ് പൂർണ്ണമായും തോട്ടം മേഖല ഭാഗികമായി അടച്ചിടുകയും ഓട്ടുകമ്പനികൾ ഒന്നൊന്നായി അടച്ചു പൂട്ടുകയും ചെയുന്ന പശ്ചാത്തലത്തിൽ മണ്ഡലത്തിലെ 22 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. ബാലചന്ദ്രൻ, അഡ്വ. ടി.കെ. രമേഷ് കുമാർ, എ.ഐ.ടി.യു സി സംസ്ഥാന സെക്രട്ടറി എ.എൻ. രാജൻ, ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി.എസ്. പ്രിൻസ്, മണ്ഡലം സെക്രട്ടറി പി.ജി. മോഹനൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിലെ സമരം ഉദ്ഘാടനംചെയ്തു.