തൃശൂർ: കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ പള്ളിക്ക് സമീപം ഗുഡ്സ് ഓട്ടോയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ചിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പൊലീസ് നടപടിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
തൃശൂർ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ആരോപണ വിധേയനായ കൊടുങ്ങല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ തനിക്ക് പറയാനുള്ള കാര്യങ്ങൾ എഴുതി സമർപ്പിക്കണം. ചേർത്തല മരുതോർവട്ടം സ്വദേശി അജീഷ് ആന്റണിക്ക് വേണ്ടി ജോസി തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
അജീഷ് ആന്റണി ഓടിച്ചിരുന്ന മോട്ടോർ ബൈക്കാണ് 2020 മേയ് 31ന് അപകടത്തിൽപെട്ടത്. കെ.എൽ 45 ജെ 6708 എന്ന ഗുഡ്സ് വാഹനവുമായാണ് അജീഷിന്റെ ബൈക്ക് ഇടിച്ചതെന്ന് പരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ അജീഷിനെ ആദ്യം കൊടുങ്ങല്ലൂരിലും പിന്നീട് എറണാകുളത്തും ചികിത്സിച്ചു.
അപകടവിവരം ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ജൂൺ 11 ന് പരാതിക്കാരനായ ജോസി തോമസ് നേരിട്ട് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. പരാതിക്ക് നോട്ടീസ് നൽകാൻ പോലും സ്റ്റേഷൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ ഇതുവരെ നടപടിയുണ്ടായില്ല.