ഗുരുവായൂർ: തൊഴിയൂർ നായാടി കോളനിയിൽ ഉജാല നിർമാതാക്കളായ ജ്യോതി ലബോറട്ടറീസ് രണ്ട് വീടുകൾ നിർമിച്ചു നൽകി. പുന്നത്തൂർ വീട്ടിൽ മനോജ്, വിമല എന്നിവരുടെ കുടുംബത്തിനും തലപ്പുള്ളി വീട്ടിൽ നിഷ, സജിത്ത്, സൗമ്യ എന്നിവരുടെ കുടുംബത്തിനുമാണ് പുതിയ വീടുകൾ ലഭിച്ചത്.
വാർഡ് കൗൺസിലർ കൂടിയായ നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എ. ഷാഹിനയുടെ ഇടപെടലിനെ തുടർന്നാണ് ഓല കൊണ്ടു മറച്ച കുടിലിനു പകരം അടച്ചുറപ്പുള്ള ഒരു വീടെന്ന നാടോടി കുടുംബങ്ങളുടെ ആഗ്രഹം സാദ്ധ്യമായത്. വീടുകളുടെ താക്കോൽ മന്ത്രി എ.സി. മൊയ്തീൻ കൈമാറി. കെ.വി. അബ്ദുൽഖാദർ എം.എൽ.എ അദ്ധ്യക്ഷനായി.
നഗരസഭാ ചെയർപേഴ്‌സൺ എം. രതി, ജ്യോതി ലബോറട്ടറീസ് ഡയറക്ടർ കെ.കെ. സിദ്ധാർഥൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എം.എ. ഷാഹിന, ടി.എസ്. ഷെനിൽ, നഗരസഭ കൗൺസിലർമാരായ ടി.ടി. ശിവദാസ്, കെ.പി. വിനോദ്, ബഷീർ പൂക്കോട്, വികസന സമിതി കൺവീനർ ഫൈസൽ പൊട്ടത്തയിൽ എന്നിവർ പ്രസംഗിച്ചു.