കൊരട്ടി: പഞ്ചായത്തിന്റെ മൂന്നു വാർഡുകളിൽ ഞായറാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റിൽ രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. മുടപ്പുഴ, മംഗലശേരി, ചെറ്റാരിക്കൽ എന്നിവിടങ്ങളിലായി 17 വീടുകൾക്ക് തകർച്ച നേരിട്ടു.
മുടപ്പുഴയിലെ വിതയത്തിൽ സെബാസ്റ്റ്യന്റെ വീടിന് മാത്രം പത്തുലക്ഷത്തിന്റെ നഷ്ടമുണ്ട്. മംഗലശ്ശേരിയിലെ കളരിക്കൽ അരവിന്ദാക്ഷൻ, എടയാട്ടിൽ ലവൻ എന്നിവരുടെ ഓട് വീടുകൾ വാസ യോഗ്യമല്ലാതായി. കാർഷിക വിളകൾ നശിച്ച മുപ്പതോളം കർഷകരുടെ അപേക്ഷകൾ ഇതിനകം വില്ലേജ് ഓഫീൽ ലഭിച്ചു. ഇനിയും നിരവധി വീട്ടുകാരും നാശമുണ്ടായ പട്ടികയിൽപ്പെടും.
തുലാപറമ്പൻ ബെന്നിയുടെ 2700 കുലച്ച നേന്ത്ര വാഴകൾ ഒടിഞ്ഞു വീണു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതൂമൂലമുണ്ടായത്. ബെന്നിയുടെ ബാക്കിയുള്ള 3000 വാഴകൾക്കും ഉലച്ചിൽ സംഭവിച്ചിട്ടുണ്ട്.