തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുമ്പോൾ ആശങ്ക അകറ്റാൻ മെഡിക്കൽ കോളേജിൽ നൂതന സംവിധാനങ്ങൾ. കൊവിഡ് ബാധിതർക്ക് മറ്റ് രോഗങ്ങൾ മൂർച്ഛിക്കാതിരിക്കാനുള്ള സംവിധാനമാണ് ഉറപ്പുവരുത്തിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിലായാണ് ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നത്.
മെഡിക്കൽ കോളേജിലെ പ്രത്യേക കൊവിഡ് വാർഡിന് പുറമേ ഇ.എസ്.ഐ ആശുപത്രിയിലും പ്രത്യേക കൊവിഡ് വാർഡ് ഒരുക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ നെഞ്ച് രോഗാശുപത്രിയിൽ കൂടുതൽ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
കൊവിഡ് ബാധിതർക്ക് രോഗം മൂർച്ഛിക്കുകയാണെങ്കിൽ തീവ്രത അളക്കാനുള്ള രക്തപരിശോധനാ സംവിധാനം മെഡിക്കൽ കോളേജിൽ നിലവിൽവന്നു. അക്യൂട്ട് കെയർ ഐ.സി.യു, വെന്റിലേറ്റർ, എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപേ രോഗതീവ്രത അറിയാൻ ഇത് ഉപകരിക്കും.
25 ലക്ഷത്തോളം ചെലവുവരുന്നവയാണ് സംവിധാനങ്ങൾ. പുതിയ ഓക്‌സിജൻ സംവിധാനവും ഇതോടൊപ്പമുണ്ട്. സർക്കാരിന്റെയും ജനപ്രതിനിധികളുടെ സഹായത്തോടെയാണ് ഇവ ഉറപ്പുവരുത്തിയത്.
പരിശോധനാക്രമം
മെഡിക്കൽ കോളേജ് ആശുപത്രി സെൻട്രൽ ലാബിലെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ലബോറട്ടറിയിലാണ് കൊവിഡ് ചികിത്സയ്ക്ക് വിവിധ പരിശോധനകൾ നടത്തുന്നത്. ഇതുവഴി ശ്വാസകോശത്തിൽ ഉണ്ടാക്കുന്ന, കടുത്ത ന്യൂമോണിയ, സൈറ്റോ കയിൻ സ്റ്റോം ഗ്രേഡ് 34 എന്നിവ കണ്ടെത്താം. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മാത്രമേ ഈ നൂതന സംവിധാനമുള്ളൂ. ബാക്ടീരിയ/ വൈറസ് മൂലം ഉണ്ടാകുന്ന, വിവിധ രോഗങ്ങളുടെ, തീവ്രത അറിയുന്നതിനും ചികിത്സയ്ക്കും പരിശോധന ഉപകാരപ്രദമാണ്.
അതിവേഗ ചികിത്സ
ജീവൻരക്ഷാ മരുന്നായ ടോസിലിസീമാബ് ഇൻജക്‌ഷന്റെ ആവശ്യകത നേരത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന പ്രധാന പരിശോധനയാണ് ആരംഭിച്ചത്. ഇതുവഴി 30000 രൂപ വരുന്ന ഇൻജക്‌ഷൻ ഫലപ്രദമായി ഉപയോഗിക്കാനാകും. പരിശോധനകൾ സൗജന്യമാണ്.
24 മണിക്കൂറും സജ്ജം
തൃശൂർ മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡുകളിൽ ചികിത്സയിലുള്ളവർക്ക് 24 മണിക്കൂറും പരിശോധനാ സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. മറ്റു പതിവു പരിശോധനകളും കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകളും വിവിധ ലാബുകളിൽ സജ്ജമാണ്.
ഏറെ നാൾ രോഗികളുടെയും ഒപ്പമുള്ളവരുടെയും തിരക്ക് മൂലം ഏറെ വലഞ്ഞിരുന്നു. എന്നാൽ നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സ ആവശ്യമുള്ളവർ മാത്രമാണ് എത്തുന്നത്, ഇത് ആശ്വാസകരമാണ്.
- ഡോ. സി.പി. മുരളി,ആർ.എം.ഒ