തൃശൂർ: കഞ്ചാവും ലഹരിവസ്തുക്കളും ഉൾഗ്രാമങ്ങളിൽ പോലും വൻഗുണ്ടാസംഘങ്ങൾക്കും മാഫിയകൾക്കും വളമാകുന്ന പശ്ചാത്തലത്തിൽ രഹസ്യാന്വേഷണ വിഭാഗം ശക്തമാക്കി എക്‌സൈസും ഓപ്പറേഷൻ റേഞ്ചർ പദ്ധതിയുമായി പൊലീസും വലവിരിക്കുന്നു. കഞ്ചാവ് വിൽപ്പനയെച്ചൊല്ലി കഴിഞ്ഞ വർഷം അവണൂർ മേഖലയിൽ ഇരട്ടക്കൊലപാതകം നടന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം ആ കേസിലെ പ്രതി കൊല്ലപ്പെടുകയും ചിലർക്ക് അക്രമത്തിൽ പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസും എക്‌സൈസും പിടിമുറുക്കുന്നത്. താന്ന്യത്തും ഒരാൾ കൊല്ലപ്പെട്ടിരുന്നു.

കഞ്ചാവ് വിൽപ്പന നടക്കുന്ന ഗ്രാമങ്ങളിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗം രഹസ്യമായി വിവരം ശേഖരിക്കുന്നുണ്ട്. എന്നാൽ അവണൂർ മേഖലയിൽ ഗുണ്ടാസംഘങ്ങളെ പേടിച്ച് വിവരം നൽകാൻ പോലും നാട്ടുകാർ മടിക്കുകയാണ്. ലോക്ക്ഡൗൺ സമയത്ത് വ്യാജമദ്യനിർമ്മാണവും വിൽപ്പനയും സജീവമായിരുന്ന ഇടങ്ങളാണ് ഇപ്പോൾ കഞ്ചാവ് വിൽപ്പനയിലേക്ക് കടന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് പലചരക്കും മറ്റും എത്തിക്കുമ്പോൾ വൻതോതിൽ കഞ്ചാവും കടത്തുന്നുണ്ട്. അതിർത്തികളിൽ പരിശോധന ഫലപ്രദമല്ല. കഴിഞ്ഞ മാസം 174 കിലോഗ്രാമാണ് തൃശൂരിൽ നിന്ന് പിടിച്ചത്.

അക്രമസംഭവങ്ങളും ഗുണ്ടാവിളയാട്ടവും രണ്ടാഴ്ചയ്ക്കകം അമർച്ച ചെയ്യാനുളള ശ്രമത്തിലാണ് പൊലീസ്. തൃശൂർ സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ അടുത്ത രണ്ടാഴ്ചക്കാലം കാര്യക്ഷമമായി നടപ്പാക്കാനാണ് തീരുമാനം. ഗുണ്ടാസംഘങ്ങളുടെ നീക്കങ്ങൾ പൊലീസും നിരീക്ഷിച്ചുവരികയാണ്. ഇതിന് സൈബർ സെല്ലിന്റെ സഹായം ഉപയോഗിക്കും. എല്ലാ കുറ്റവാളികളുടെയും വിശദമായ വിവരം ശേഖരിച്ച് ഗുണ്ടാ നിയമപ്രകാരമുള്ള നടപടികൾ എടുക്കാനാണ് പൊലീസിന്റെ തീരുമാനം.


.....................................

''സൈബർസെൽ വഴിയും പൊലീസുകാർ വഴിയും കുറ്റവാളികളുടെ മേൽ നിരന്തര നിരീക്ഷണം ഉണ്ടാകും. കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളിൽ ഉൾപ്പെട്ട കുറ്റവാളികളെ പ്രത്യേകം നിരീക്ഷിക്കും. എല്ലാ പൊലീസ് മേധാവികൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ''

- എസ്. സുരേന്ദ്രൻ, ഡി.ഐ.ജി.


.....................................

'' എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തെ മുണ്ടൂർ മേഖലയിൽ അടക്കം ശക്തമാക്കിയിട്ടുണ്ട്. അവർ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കും . ''

- പ്രദീപ്കുമാർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ


..................

തീരാതെ കുടിപ്പക


കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് നൽകാനുള്ള 10,000 രൂപ കൈമാറാമെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം മണിത്തറയിൽ ഇരട്ടക്കൊലക്കേസ് പ്രതി സിജോയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. കഞ്ചാവ് വിൽപ്പന സംഘങ്ങൾക്കിടയിൽ നിലനിൽക്കുന്ന കുടിപ്പക ഇനിയും തീർന്നിട്ടില്ലെന്ന് അടിവരയിടുന്നതാണിത്. രണ്ട് സംഘങ്ങൾക്കുമിടയിൽ കണ്ണിയായി പ്രവർത്തിക്കുന്ന വിശ്വസ്തനെ ഉപയോഗിച്ചാണ് അക്രമിസംഘം സിജോയെ വിളിച്ചു വരുത്തിയത്. പണം ലഭിക്കുമെന്ന് വിശ്വസിച്ച് എത്തിയ സിജോ മണിത്തറയിൽ റോഡരികിലെ കാറിലുള്ള ആളോടു സംസാരിക്കുന്നതിനിടെ സമീപത്ത് ഒളിച്ചിരുന്ന സംഘം അക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ചു വീഴ്ത്തി വീണ്ടും വെട്ടി മരണം ഉറപ്പാക്കിയാണ് പ്രതികൾ രക്ഷപ്പെട്ടത്.