തൃശൂർ: ലാവ്‌ലിൻ കേസിൽ ആരോപണ വിധേയനായിരുന്ന ദിലീപ് രാഹുലനെ യു.എ.ഇ ഭാരണാധികാരി പങ്കെടുത്ത ചടങ്ങിൽ എന്ത് അടിസ്ഥാനത്തിലാണ് പങ്കെടുപ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. യു.എ.ഇ ഭരണാധികാരിയുടെ സന്ദർശനത്തിൽ ദിലീപ് രാഹുലൽ സർക്കാർ അതിഥിയായിരുന്നു, ദിലീപിനെ ക്ഷണിച്ചത് സ്വപനയാണ്. 35 ക്ഷണിതാക്കളുടെ ലിസ്റ്റിൽ 26-ാമത്തെ പേരുകാരനായിട്ടാണ് ദിലീപ് രാഹുലൽ എത്തിയത്.
ദിലീപ് രാഹുലനെ അറിയുമോയെന്ന് മുഖ്യമന്ത്രി പറയണം. സ്വർണ്ണക്കടത്ത് കേസിൽ ദിലീപ് രാഹുലനും പങ്കുണ്ടെന്ന് സംശിക്കുന്നതായും രമേശ് ആരോപിച്ചു. നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തിന്റെ കാരിയറാണ് ദിലീപ് രാഹുലനെന്ന സംശയമാണ് എം.ടി. രമേശ് ഉയർത്തിയത്. സ്വർണ്ണക്കടത്തിന്റെ പങ്ക് കച്ചവടക്കാരാണ് സി.പി.എം നേതാക്കൾ. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതൃത്വത്തെയും ചോദ്യം ചെയ്യണം. തന്റെ ഓഫീസിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് അസംബന്ധമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും എം.ടി. രമേശ് പറഞ്ഞു.
സി.പി.എം നേതാക്കൾക്കുള്ള കള്ളക്കടത്ത് ബന്ധം പുറത്ത് കൊണ്ടുവരണം. കൃത്യമായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ വനവാസം വേണ്ടിവരും. ഒരു ശിവശങ്കരനിലേക്ക് മാത്രം കേസ് ഒതുക്കി മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ സാധിക്കില്ല. ഇപ്പോൾ പുറത്ത് വരുന്ന ചിത്രങ്ങളെ നിസാരവത്കരിക്കരുത്. ആ ചിത്രങ്ങളിൽ നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും എം.ടി. രമേശ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ. ടി.എസ്. ഉല്ലാസ് ബാബു, അഡ്വ. കെ.ആർ. ഹരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.