kurish
അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ മുൻവശത്തുള്ള നീക്കം ചെയ്യാനിരിക്കുന്ന കൽ കുരിശ്

മാള: ആ കുരിശ് ചരിത്രം വഴി മാറുന്നു, ഇനി കുരിശുമിറ്റം വഴിയായി മാറും. ചരിത്ര പ്രസിദ്ധമായ അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ മുൻ വശത്ത് പൊതുമരാമത്ത് റോഡിലായി നിന്നിരുന്ന കൽ കുരിശാണ് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കുരിശ് കാരണം റോഡിന്റെ വികസനം തടസപ്പെടുമെന്ന ഘട്ടത്തിലാണ് പള്ളി അധികൃതർ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

സമീപത്തെ സ്ഥലം വാങ്ങി കുരിശ് അതിലേക്ക് മാറ്റാനാണ് തീരുമാനം. പുതിയ നിർമ്മാണത്തിന് സ്ഥലത്തിന്റെ രേഖാ കൈമാറ്റവും മാള പഞ്ചായത്തിന്റെ അനുമതിയും മാത്രമാണ് ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന പള്ളി കമ്മിറ്റിയിലാണ് കുരിശ് മാറ്റി സ്ഥാപിക്കാൻ തീരുമാനമായത്. രൂപതയിൽ നിന്നും അനുമതിയും നേടിയിട്ടുണ്ട്.

ഇന്ത്യയിലെ പത്താമത്തെ പള്ളിയാണ് അമ്പഴക്കാട്. 1600-1699 കാലഘട്ടത്തിലാണ് ഒറ്റക്കല്ലിലുള്ള ഈ കുരിശ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. സാധാരണ കത്തീഡ്രൽ പള്ളികളിൽ മാത്രം കാണുന്ന ഇത്തരത്തിലുള്ള കുരിശ് ഇവിടെ മൂന്നെണ്ണമുണ്ട്. പള്ളിയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലും ഇതുപോലുള്ള കുരിശുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതൊന്നും മാറ്റി സ്ഥാപിക്കുന്നില്ല.

റോഡരികിലെ കുരിശ് മാർത്തോമാ കുരിശ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ പുറകുവശത്തെ കുരിശ് ലാറ്റിൻ സംസ്കാരത്തിന്റെ ഭാഗമായാണ് നിർമ്മിച്ചതെന്നാണ് കരുതുന്നത്. എ.ഡി 300ലാണ് തോമാശ്ലീഹായുടെ പേരിലുള്ള അമ്പഴക്കാട് സെന്റ് തോമസ് പള്ളി രൂപം കൊണ്ടത്. അമ്പഴക്കാട് സെമിനാരിയുമായി ബന്ധപ്പെട്ട് അച്ചടിശാലയും പ്രവര്‍ത്തിച്ചിരുന്നു. 1663കളില്‍ ദക്ഷിണേന്ത്യയിലെ തന്നെ മികച്ച അച്ചടിശാലയെന്ന ഖ്യാതി അമ്പഴക്കാട് സ്വന്തമാക്കി. ഫാ. പ്രിന്‍സയുടെ ‘തമിഴ് നിഘണ്ടു’,​ ഫാ. ഡോകോസ്റ്റയുടെ ‘തമിഴ് വ്യാകരണം’ തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ അമ്പഴക്കാട്ടെ അച്ചുകൂടത്തില്‍ പിറന്നവയാണ്. 1663 ല്‍ ഡച്ചുകാര്‍ കൊച്ചി കോട്ട കീഴടക്കിയപ്പോള്‍ കൊച്ചിയിലെ പാതിരിമാര്‍ അമ്പഴക്കാടാണ് അഭയം തേടിയതെന്നും പറയപ്പെടുന്നു. 1789-90 കാലഘട്ടത്തില്‍ ടിപ്പുവിന്റെ ആക്രമണത്തിന് അമ്പഴക്കാട് പള്ളിയെ തകര്‍ക്കാനായില്ല. ചരിത്രരേഖകളില്‍ കൃത്യമായ ഇടം നേടിയ അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ കുരിശ് ഇനി ചരിത്രത്തിലേക്ക് വഴിമാറും.