ksu
രണ്ട് പഞ്ചായത്തുകളും സ്ഥാപിച്ച നിരോധന ബോർഡ് ലംഘിച്ച് സ്റ്റീൽപാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ പോകുന്നു

കാഞ്ഞാണി: മണലൂർ ഏനാമാവ് സ്റ്റീൽ പാലത്തിൽ നിരോധനം ലംഘിച്ച് ഇരുചക്രവാഹനങ്ങൾ പായുന്നു. മണലൂർ വെങ്കിടങ്ങ് പഞ്ചായത്തുകൾ പാലത്തിലൂടെയുള്ള ഇരുചക്ര വാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചുകൊണ്ട് സെക്രട്ടറിയുടെ പേരിൽ പഞ്ചായത്തുകളുടെ അതിർത്തികളിൽ ബോർഡ് സ്ഥാപിച്ചെങ്കിലും ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

പണികഴിഞ്ഞ് വീട്ടിലേക്ക് പാലത്തിലൂടെ നടന്നുവരികയായിരുന്ന മണലൂർ സ്വദേശി വീട്ടമ്മയെ ഇരുചക്രവാഹനം ഇടിച്ച് ചികിത്സ തേടിയ സംഭവത്തെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പാലത്തിന്റെ ഗ്രിപ്പ് നഷ്ടപ്പെട്ടതുമൂലമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. മഴ തുടങ്ങിയതോടെ അപകടങ്ങൾ പതിവാകുന്നുണ്ട്.

ഇരുചക്രവാഹനങ്ങൾ കൊണ്ടുപോകുന്നത് കർശനമായി നിരോധിക്കാൻ വെങ്കിടങ്ങ് പഞ്ചായത്ത് ഭരണസമിതി തിരുമാനമെടുത്ത വിവരം മണലൂർ പഞ്ചായത്തിനെ അറിയിച്ചെങ്കിലും,​ മണലൂർ പഞ്ചായത്ത് ഭരണസമിതിക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നതിനാലാണ് പഞ്ചായത്ത് കൃത്യമായ തീരുമാനമെടുക്കാൻ തയ്യാറാകാത്തതെന്നും പറയപ്പെടുന്നു.
ഇരുചക്ര വാഹനങ്ങൾ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായി കടന്നുപോകുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഇരുപഞ്ചായത്തുകളും നിരോധനം സംബന്ധിച്ച ബോർഡുകൾ സ്ഥാപിച്ചതെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്.