തൃശൂർ: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് അനുവദിച്ചു. അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ജില്ലയിലെ 2,05,820 വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യധാന്യവും പാചക ചെലവിനുള്ള തുകയും ചേരുന്നതാണ് ഭക്ഷ്യഭദ്രത അലവൻസ്.

2020 ഏപ്രിൽ, മേയ് മാസങ്ങളിലെ 39 ദിവസങ്ങളിലേക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും മാർച്ച് മാസത്തിലെ 15 ദിവസം അടച്ചിടൽ മൂലം പാചകചെലവിനത്തിൽ മിച്ചം വന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് കിറ്റിലുള്ളത്.

പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് ലഭിക്കും.

സപ്ലൈകോയുടെ താലൂക്ക് ഡിപ്പോകളുടെ നേതൃത്വത്തിലാണ് ഭക്ഷ്യ കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നത്. കുട്ടികളുടെ രക്ഷിതാക്കൾക്കാണ് സ്‌കൂളിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്യുക.