ചാലക്കുടി: പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്ലൂയീസ് ഗേറ്റ് തുറന്നു. ബുധനാഴ്ച രാവിലെ 8.30 മുതൽ 10.30വരെയാണ് എമർജൻസി ഷട്ടറിലൂടെ വെള്ളം വിട്ടത്. മന്ത്രി എ.സി. മൊയ്തീൻ, ജില്ലാ കളക്ടർ എസ്.ഷാനവാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഷട്ടർ തുറന്നത്.

രണ്ടു മണിക്കൂറോളം ഒഴുകിയ വെള്ളം ചാലക്കുടിപ്പുഴയിൽ കാര്യമായ വ്യത്യാസമുണ്ടാക്കിയില്ല. ഏകദേശം അരയടി ജലനിരപ്പ് മാത്രമാണ് ഉയർന്നത്. എന്നാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ ജലമൊഴുക്ക് അനുഭവപ്പെട്ടു. 419.40 മീറ്ററിൽ തുറന്നു വച്ചിരിക്കുന്ന ഡാമിലെ ഷട്ടറുകളിലൂടെ ചൊവ്വാഴ്ച മുതൽ വെള്ളം ചാലക്കുടിപ്പുഴയിലേയ്ക്ക് വന്നുകൊണ്ടിരുന്നു. പിന്നീട് നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് എമർജൻസി ഗേറ്റിൽ ഒന്നു തുറന്നത്. അടിയന്തിര ഘട്ടങ്ങളിലെ ആവശ്യത്തിന് പ്രയോജനപ്പെടുത്തുന്ന ഷട്ടർ രണ്ടു മണിക്കൂർ തുറന്നിട്ടത് ഡാമിലെ ജലനിരപ്പിനെ കുത്തനെ താഴേയ്ക്കാക്കി. ഷട്ടറുകളിലൂടെ വെള്ളം ഒഴുകുന്നതും ഇപ്പോൾ നിലച്ചിരിക്കുകയാണ്. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഡാമിന്റെ സുരക്ഷ കണക്കിലെടുത്ത് 419.40മീറ്റർ റൂൾ ലെവലിൽ വെള്ളം മാത്രം സംഭരിച്ചാൽ മതിയെന്ന് ദുരന്തനിവാരണ അതോറ്റിയും കേന്ദ്രജല കമ്മീഷനും നിർദേശിച്ചിട്ടുണ്ട്.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, തൃശൂർ റൂറൽ പൊലീസ് സൂപ്രണ്ട് ആർ. വിശ്വനാഥ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.