ചേലക്കര: ചിക്കൻകറി കിട്ടാത്തതിൽ പിതാവിനോട് വഴക്കു കൂടി ഭാരതപ്പുഴയിൽ ചാടി നാട്ടുകാരേയും ഫയർഫോഴ്‌സിനേയും പൊലീസിനേയും വട്ടംചുറ്റിച്ച ശേഷം പാതിരാത്രിയിൽ വീട്ടിലെത്തിയ യുവാവിനെ പൊലീസ് കോടതി മുൻപാകെ ഹാജരാക്കി. തിരുവില്വാമല പാമ്പാടി കൂട്ടാല അനിൽകുമാറിന്റെ മകൻ അമൽജിത്താണ് (22) പുഴയിൽ ചാടിയത്.
ചൊവ്വാഴ്ചയാണ് സംഭവം പാമ്പാടി ഐവർമഠം ശ്മശാനത്തിലേക്ക് വിറക് കഷണങ്ങളാക്കുന്ന ജോലിയാണ് അമൽജിത്തിന്. കഴിഞ്ഞ ദിവസം ജോലിക്കിടയിൽ വിറക് കഷണം തെറിച്ചത് കൊണ്ട് ചെറിയ പരുക്ക് പറ്റിയതിനെ തുടർന്ന് ജോലി മതിയാക്കി പതിവില്ലാതെയാണ്
ഉച്ചകഴിഞ്ഞ് വീട്ടിൽ എത്തിയത്. അപ്പോഴേക്ക് വീട്ടിലുള്ളവർ ചിക്കൻ കറി കൂട്ടി ഊണ് കഴിച്ചിരുന്നു. ചിക്കൻ കറികിട്ടാത്തതിനെ തുടർന്ന് അമൽജിത്ത് പിതാവുമായി ശണ്ഠകൂടി. തുടർന്ന് ബാഗും തുണിയുമെടുത്ത് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. വീട്ടിൽ നിന്നും അധികം ദൂരത്തല്ലാതെ ഒഴുകുന്ന ഭാരതപ്പുഴത്തീരത്തെത്തി കൂട്ടുകാർ നോക്കി നിൽക്കെ ബാഗ് കരക്കുവച്ച് കുത്തൊഴുക്കിലേക്ക് ചാടി. യുവാവിന് നീന്തൽ അറിയാം എന്നറിയാവുന്ന സുഹൃത്തുക്കൾ അമലിനെ ഏറെ നേരം തെരഞ്ഞിട്ടും കണ്ടില്ല. തുടർന്ന് പഴയന്നൂർ പൊലീസും ആലത്തൂർ ഫയർഫോഴ്‌സും സ്ഥത്തെത്തി രാത്രി വരെ തെരച്ചിൽ നടത്തി. കണ്ടുകിട്ടാത്തതിനാൽ ബുധനാഴ്ച രാവിലെ വീണ്ടും തെരയാം എന്ന തീരുമാനത്തിലാണ് ഒടുവിൽ തിരുച്ചു പോയത്.
വീട്ടുകാർ വിഷമിച്ചിരിക്കെയാണ് ബുധനാഴ്ച പുലർച്ചെ യുവാവ് വീട്ടിലെത്തിയത്.
നീന്തലറിയാവുന്നതിനാൽ ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മറുകരയിലെത്തി അവിടെ നിന്ന് വളഞ്ഞവഴി നടന്ന് അമൽജിത്ത് വീട്ടിലെത്തുകയായിരുന്നു. തനിക്കു വേണ്ടി നടത്തിയ തെരച്ചിലിനെക്കുറിച്ചോ, വാർത്ത പ്രചരിച്ചതിനെക്കുറിച്ചോ ഇയാൾ അറിഞ്ഞിരുന്നില്ല.
കാണാനില്ല എന്ന പേരിൽ പഴന്നൂർ പൊലീസ് കേസെടുത്തിരുന്നതിനാൽ യുവാവിനെ ഓൺലൈൻ മുഖേന കോടതിയിലും ഹാജരാക്കി.