അന്തിക്കാട്: നാടിന്റെ കാർഷിക വികസനത്തിന് കുളങ്ങളും തോടുകളും ചിറകളും സംരക്ഷിക്കണമെന്നും സർവേ നടത്തി പൊതു തോടുകളുടെ കൈയേറ്റം തിരിച്ചുപിടിക്കണമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കാഞ്ഞിരച്ചുവട് ക്ഷേത്ര പരിസരത്ത് ശ്രീരാമൻചിറ- കണ്ണംച്ചിറ ബണ്ട് തോട് സംരക്ഷണ പദ്ധതി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകൾ ശാസ്ത്രീയമായി കൃഷി ചെയ്യാൻ താന്ന്യം, അന്തിക്കാട്, ചാഴൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. റീ ബിൽഡ് കേരളയിൽ ജില്ലയിൽ നടപ്പിലാക്കുന്ന 38ൽ 7 പദ്ധതികളും നാട്ടിക മണ്ഡലത്തിലാണെന്നും 3.98 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗീതാഗോപി എം.എൽ.എ അദ്ധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് വി.ഐ. അബൂബക്കർ, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹൻദാസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി. സിന്ധു എന്നിവർ സംസാരിച്ചു.


വിവിധ പഞ്ചായത്തുകൾക്കായി അനുവദിച്ചിരിക്കുന്ന തുകകൾ


താന്ന്യം പഞ്ചായത്തിലെ ശ്രീരാമൻചിറ തോട്, കണ്ണൻചിറ ബണ്ട് തോട് 3.54 കി.മീ ആഴം കൂട്ടാനും കയർ ഭൂവസ്ത്രം വിരിയ്ക്കാനുമായി 1.26 കോടി

അന്തിക്കാട് പഞ്ചായത്തിൽ കുറ്റിപ്പുര കനാൽ 1700 മീറ്റർ 90.97 ലക്ഷം,

വാർഡ് 4,5,6 പരപ്പൻചാൽ ബണ്ട് 1384 മീറ്റർ 34.69 ലക്ഷം.

ചാഴൂർ പഞ്ചായത്തിൽ എരട്ടപ്പാലം പറവൻചാൽ തോട് 475 മീ ആഴം കൂട്ടൽ,

കയർ ഭൂവസത്രം വിരിക്കൽ, പാർശ്വഭിത്തി സംരക്ഷണം 22.09 ലക്ഷം.

17ാം നമ്പർ ചാൽ 2.22 കി.മി ആഴം കൂട്ടലും കയർ ഭൂവസ്ത്രം വിരിക്കലും 69.73 ലക്ഷം.

മൂടച്ചാൽ തോട് കയർ ഭൂവസ്ത്രം വിരിക്കൽ 2.16 കി.മി 54.17 ലക്ഷം