തൃശൂർ: നാട്ടിക കോട്ടൺ മിൽ കെട്ടിടം കൊവിഡ് കെയർ സെന്ററാകുന്നു. പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുളളതാണ് നാട്ടിക കോട്ടൺ മിൽ കെട്ടിടം. സ്ഥലസൗകര്യം പരിശോധിക്കാനും വിലയിരുത്താനുമായി തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനും ജില്ലാ കളക്ടർ എസ്. ഷാനവാസും കെട്ടിടം സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികൾക്കായി കെട്ടിടം വിട്ടുനൽകാനും ആവശ്യമായ സഹായങ്ങൾ ഒരുക്കാനും തയ്യാറാണെന്ന് എം.എ. യൂസഫലി സർക്കാരിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
കോട്ടൺമിൽ കെട്ടിടത്തിന്റെ വിശാലമായ സൗകര്യം പൂർണമായും കൊവിഡ് കെയർ സെന്ററിനായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥ സംഘവും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ആയിരത്തോളം കിടക്കകൾ ഒരുക്കാനുളള സൗകര്യങ്ങളും ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ മറ്റ് ജീവനക്കാർ എന്നിവർക്കാവശ്യമായ സൗകര്യവും കെട്ടിടസമുച്ചയത്തിലുണ്ടെന്ന് സംഘം വിലയിരുത്തി. ഇനിയങ്ങോട്ട് കൂടുതൽ കൊവിഡ് കെയർ സെന്ററുകൾ വേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
നാട്ടിക കോട്ടൺ മിൽ കെട്ടിടം പൂർണ്ണ സജ്ജമാകുന്നതോടെ ജില്ലയുടെ ആവശ്യം പൂർണ്ണമായും നിറവേറ്റാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. യുദ്ധകാല അടിസ്ഥാനത്തിൽ നാട്ടിക കൊവിഡ് സെന്റർ ഒരുക്കുമെന്ന് കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. ചാവക്കാട് തഹസിൽദാർ പി.എസ്. രാജേഷ്, ഡി.പി.എം: ഡോ. ടി.വി. സതീശൻ, ആർദ്രം മിഷൻ അസി. നോഡൽ ഓഫീസർ ഡോ. റാണ, തളിക്കുളം മെഡിക്കൽ ഓഫീസറുടെ ചുമതലയുളള ഡോ. കേതുൽ, ലുലു ഗ്രൂപ്പ് പ്രതിനിധികളായ ഇഖ്ബാൽ ഹാരീസ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.