collector-shanawas-arrive
യുവാക്കളുടെ കുടുംബാംഗങ്ങളുമായി കളക്ടർ സംസാരിക്കുന്നു

ചാവക്കാട്: ബ്ലാങ്ങാട് പാറൻപടിയിൽ കടലിൽ മുങ്ങിമരിച്ച യുവാക്കളുടെ വീടുകൾ കളക്ടർ എസ്. ഷാനവാസ് സന്ദർശിച്ചു. ഇരട്ടപ്പുഴ സ്വദേശികളായ ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജ്(19), വലിയകത്ത് ജനാർദ്ദനന്റെ മകൻ ജിഷ്ണു(23), കരിമ്പാച്ചൻ സുബ്രഹ്മണ്യന്റെ മകൻ ജഗന്നാഥ്(20) എന്നിവരുടെ വീടുകളിലെത്തിയാണ് കളക്ടർ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. കഴിഞ്ഞ 29നാണ് കടൽതീരത്ത് ഫുട്‌ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ ശക്തമായ ചുഴിത്തിരയിൽപെട്ട് മുങ്ങിമരിച്ചത്.

യുവാക്കളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച കളക്ടർ സ്ഥിതിഗതികൾ പഠിച്ച് സർക്കാരിൽ നിന്ന് വേണ്ട സഹായം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. കടപ്പുറത്ത് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയെ കുറിച്ചും അപകടമുണ്ടായപ്പോൾ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയും മത്സ്യത്തൊഴിലാളികൾ കൂടിയായ കുടുംബാംഗങ്ങൾ കളക്ടറെ ധരിപ്പിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ മുന്നിൽ കണ്ടുള്ള സുരക്ഷാ സംവിധാനങ്ങൾ കടപ്പുറത്ത് ഒരുക്കുമെന്ന് കളക്ടർ പറഞ്ഞു.

യുവാക്കളുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപയും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്ന ആവശ്യവുമായി ബി.ജെ.പി ഒരാഴ്ചയായി സമരമുഖത്തുണ്ട്. യുവാക്കളുടെ കുടുംബങ്ങളെ സർക്കാർ അവഗണിക്കുന്നെന്ന ആരോപണവും ബി.ജെ.പി ഉയർത്തിയിരുന്നു. ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് കളക്ടർ ഉറപ്പ് നൽകി. മരിച്ച യുവാക്കളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി, സി.പി. ജോൺ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. തുടർന്ന് യുവാക്കളുടെ വീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾക്ക് മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. ചാവക്കാട് തഹസിൽദാർ സി.എസ്. രാജേഷ്, കടപ്പുറം വില്ലേജ് ഓഫീസർ മനോജ് എന്നിവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു. ബി.ജെ.പി ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി കെ.ആർ. ബൈജു, പ്രവർത്തകരായ മുട്ടിൽ ഷാജി, കരിമ്പൻ നാരായണൻ എന്നിവർ കളക്ടറോട് സംസാരിച്ചു.