ചാവക്കാട്: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷകൾ കെട്ടിവലിച്ച് ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പെട്രോൾ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഉൾപ്പെടുത്തുക, ഓട്ടോറിക്ഷ ഇൻഷ്വറൻസിന് മോറട്ടോറിയം പ്രഖ്യാപിക്കുക, കൊവിഡ് ക്ഷേമനിധി സഹായം 10000 രൂപയാക്കുക, പെട്രോൾ ഉത്പന്നങ്ങളുടെ വില നിയന്ത്രണം സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചായിരുന്നു സമരം. ചാവക്കാട് ടൗണിൽ നടന്ന പ്രതിഷേധ ധർണ ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘം പ്രസിഡന്റ് എം.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.കെ. അലി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.കെ. സന്തോഷ്, വി.കെ. ഷാജഹാൻ, എ.എസ്. റഷീദ്, എം. ബഷീർ, കെ.ജി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.