ആശങ്കയോടെ ജീവനക്കാർ
തൃശൂർ: ജില്ലയിൽ കൊവിഡ് കേസുകൾ കൂടിവരുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ കാർഷിക സർവകലാശാലയുടെ പ്രവർത്തനം. തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂരിലെ വിദൂര പ്രദേശങ്ങൾ തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ളവർ ജോലി ചെയ്യുന്ന സർവകലാശാല ആസ്ഥാനത്തും മറ്റ് വിഭാഗങ്ങളിലും സാമൂഹിക അകലം പാലിക്കുന്നില്ലെന്നാണ് ആരോപണം.
വളരെ അടുത്ത സീറ്റുകളിലിരുന്നാണ് ജീവനക്കാരുടെ പ്രവർത്തനം. ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് വന്നാൽ മതിയെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുപോലും പൊതുഗതാഗതത്തെ ആശ്രയിച്ചാണ് ജോലിക്കെത്തുന്നത്. ആരെങ്കിലും രോഗവാഹകരായാൽ സർവകലാശാലാ ആസ്ഥാനവും മറ്റ് വകുപ്പുകളും അടച്ചിടേണ്ടി വരുമെന്നതാണ് അവസ്ഥ.
കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരോട് വൈസ് ചാൻസലർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഗർഭിണികളായ ജീവനക്കാർ വരെ എല്ലാ ദിവസവും ജോലിക്ക് എത്തണമെന്നാണ് നിർദ്ദേശമുള്ളതത്രെ. പുറത്തുനിന്നെത്തുവർക്ക് മാത്രമാണ് നിയന്ത്രണമുള്ളത്. സർവകലാശാലയിൽ വിവിധ മേഖലകളിലായി 1500 പേരാണ് ജോലി ചെയ്യുന്നത്.
മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് വനിതാ ശാസ്ത്രജ്ഞരെ സ്ഥലമാറ്റിയെന്ന പരാതിയും ഇതിനിടെ ഉയരുന്നുണ്ട്. അഗ്രോണമി വിഭാഗം മേധാവിയായ വനിതാ ശാസ്ത്രജ്ഞയെയും കാർഷിക സർവകലാശാല ശാസ്ത്ര ജേണലിന്റെ എഡിറ്ററായ അസി. പ്രൊഫസറെയുമാണ് വൈസ് ചാൻസലർ സ്ഥലം മാറ്റിയത്. കഴിഞ്ഞ വർഷമാണ് ദളിത് വിഭാഗത്തിൽപ്പെട്ട ശാസ്ത്രജ്ഞ വകുപ്പിൽ നിയമിക്കപ്പെട്ടത്. വനിതാ ശാസ്ത്രജ്ഞയെ കാസർകോട്ടേക്കും, അസിസ്റ്റന്റ് പ്രൊഫസറെ പട്ടാമ്പിയിലേക്കുമാണ് സ്ഥലം മാറ്റിയത്.
സർവ്വകാലാശാല ആസ്ഥാനത്ത് ജീവനക്കാർ - 350
അനുബന്ധ മേഖലയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും - 1200
മനുഷ്യാവകാശ കമ്മിഷനെ സമീപിക്കും
വളരെ ലാഘവത്തോടെയുള്ള സമീപനമാണ് സർവകലാശാലയുടേത്. സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി, സ്ഥലംമാറ്റ ചട്ടങ്ങൾ അട്ടിമറിച്ച് അന്യ ജില്ലയിലേക്ക് നിയമിക്കപ്പെട്ട ജീവനക്കാർ അസുഖ ഭീതിയിലാണ്. ഈ അവസ്ഥ ഒഴിവാക്കാൻ സർവകലാശാല തയ്യാറാകണം. സർവകലാശാലാ അധികൃതർക്കെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകും.
- സി.വി. ഡെന്നി, എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി