തൃശൂർ: ഏറെ കൊട്ടിഘോഷിക്കപ്പെടുകയും വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത കുതിരാൻ തുരങ്കനിർമ്മാണവും മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണവും പണം ലഭ്യമാക്കാത്തതിനാൽ അനിശ്ചിതാവസ്ഥയിൽ. ഒമ്പത് ബാങ്കുകളുടെ കൺസോർഷ്യം അനുവദിച്ച ഫണ്ട് കമ്പനി മറ്റ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതും സാമ്പത്തിക പ്രതിസന്ധിയുമാണ് ശമ്പളക്കുടിശ്ശിക അടക്കം നൽകാൻ വൈകുന്നതിന് കാരണമായി പറയുന്നത്.

രണ്ട് വർഷത്തെ ശമ്പളം നൽകാമെന്നുള്ള വാഗ്ദാനം പല തവണ മുടങ്ങിയതിനെ തുടർന്ന് തൊഴിലാളികൾ സമരത്തിലാണ്. പ്രഗതി കമ്പനിയായിരുന്നു ആദ്യം തുരങ്കനിർമ്മാണം നടത്തിയിരുന്നത്. ഒരു തുരങ്കം ഇവർ നിർമ്മിച്ച് ഭൂരിഭാഗവും പൂർത്തിയാക്കി. തുടർന്ന് ഇവരെ ഒഴിവാക്കിയ ശേഷം കെ.എം.സി ഏറ്റെടുത്തു. രാജ്യത്തെ നിരവധി നിർമ്മാണപ്രവർത്തനങ്ങൾ ഉളളതിനാൽ തുരങ്കനിർമ്മാണത്തിനുളള തുക ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടായി. ബി.ഒ.ടി ആയതിനാൽ ബാങ്കുകളും കമ്പനിയും തമ്മിലുളള ധാരണയിൽ മേൽനോട്ടച്ചുമതലയാണ് എൻ.എച്ച് അതോറിറ്റിക്കുള്ളത്. അതിനാൽ കേന്ദ്രസർക്കാരിന്റെ ഇടപെടലിന് പരിമതിയുണ്ട്.

പ്രഗതി ഗ്രൂപ്പാണ് ശമ്പളം കൊടുക്കാനുള്ളത്. ഈ ശമ്പളം അടക്കം ഏപ്രിൽ 30 മുൻപ് നൽകാമെന്നായിരുന്നു കെ.എം.സിയുടെ വാഗ്ദാനം. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ല. സുരക്ഷാ ജീവനക്കാരും കെട്ടിട വാടക ഇനത്തിൽ പണം ലഭിക്കാനുള്ളവരും വാഹന ഉടമകളുമെല്ലാം ജോലികൾ ചെയ്യില്ലെന്ന നിലപാടിലാണ്. 90 ശതമാനം ജോലികൾ പൂർത്തിയായ ഒരു തുരങ്കം തുറക്കുന്നതിനായി കല്ലു പൊട്ടിക്കൽ നടന്നിരുന്നു. ഈ മാസം 15 നു മുൻപ് ഗതാഗതം ആരംഭിക്കാനായിരുന്നു എം.പി.മാരും കളക്ടറും സന്ദർശനം നടത്തിയ ശേഷം തീരുമാനിച്ചിരുന്നത്.


# സുരക്ഷാഏജൻസിയുടെ നിർദ്ദേശ പ്രകാരം കോൺക്രീറ്റിംഗ് നടത്തിയിട്ടില്ല.

# തുരങ്കത്തിന് മുകളിലായി പാറക്കല്ല് അടുക്കി ഉറപ്പിക്കുന്നത് പൂർത്തിയായില്ല

# കൺട്രോൾ സ്റ്റേഷനും വെള്ളം ഒഴുക്കിവിടാൻ ഡ്രെയിനേജും നിർമ്മിച്ചിട്ടില്ല

# തുരങ്കത്തിലെ പുക തള്ളാൻ എക്‌സ്‌ഹോസ്റ്ററുകൾ പ്രവർത്തനക്ഷമമല്ല


കമ്പനി നൽകാനുളളത് 24 കോടി രൂപ

മൊത്തം ചെലവ് 110 കോടി

ശമ്പളക്കുടിശ്ശിക: രണ്ടരക്കോടി


ദേശീയപാതയിലും തടസം

2021 ആഗസ്റ്റ് 17 ന് മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിർമാണം പൂർത്തിയാകുമെന്നാണ് കമ്പനി ഇപ്പോൾ നൽകുന്ന ഉറപ്പ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർമാണം നിറുത്തിവച്ചിരിക്കുകയാണ്. നിർമാണം തുടങ്ങിയതിന് ശേഷം 26 തവണ മുടങ്ങിയിട്ടുണ്ട്. ഈ വർഷത്തിനുള്ളിൽ നിർമാണ ജോലികൾ പൂർത്തിയാക്കുമെന്നായിരുന്നു ടി.എൻ. പ്രതാപൻ എം.പിക്ക് മന്ത്രി നിതിൻ ഗഡ്കരി നൽകിയ ഉറപ്പ്. ആറാം തവണയാണ് ദേശീയ പാത നിർമാണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകുന്നത്. 2009 ആഗസ്റ്റിൽ ഒപ്പുവച്ച കരാർ പ്രകാരം 30 മാസത്തിനുള്ളിൽ ആറുവരിപ്പാത പൂർത്തിയാക്കേണ്ടതായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി കമ്പനി തൃശൂർ എക്‌സ്പ്രസ് വേ എന്ന പേരിലാണ് കരാർ എടുത്തത്.