തൃശൂർ: ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ ഈ മാസം 10നു ശേഷം ആരംഭിക്കും. ഓൺലൈനായി ഏകജാലക സംവിധാനത്തിൽ തന്നെയാകും നടപടികൾ. അപേക്ഷിക്കാൻ കൂടുതൽ ദിവസം അനുവദിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലം 15നകം വരുന്നതിനാൽ എല്ലാവർക്കും ആദ്യഘട്ടം തന്നെ അപേക്ഷ നൽകാം.
സർക്കാർ സ്‌കൂളുകളിലെ മുഴുവൻ സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ടാ സീറ്റുകൾ ഒഴികെയുള്ള സീറ്റുകളുമാണ് സർക്കാർ നേരിട്ടു നടത്തുന്ന ഏകജാലക പ്രവേശനത്തിനു കീഴിലുള്ളത്. കഴിഞ്ഞ വർഷം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിലവിലുള്ള ബാച്ചുകളിൽ ആനുപാതിക സീറ്റ് വർദ്ധന അനുവദിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് മാത്രമേ അലോട്ട്‌മെന്റ് ഘട്ടത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ.
ആകെ ഹയർ സെക്കൻഡറി സ്‌കൂളുകൾ- 202
സർക്കാർ സ്‌കൂളുകൾ- 76
എയ്ഡഡ് സ്കൂളുകൾ- 93
അൺ എയ്ഡഡ് സ്കൂളുകൾ- 33
ആകെ ഹയർ സെക്കൻഡറി സീറ്റ് - 32,650
സർക്കാർ, എയ്ഡഡ് മേഖലയിൽ- 28,050
അൺഎയ്ഡഡ് സ്‌കൂളുകളിൽ- 4600
ആകെ ബാച്ച്- 653
സയൻസ്- 354
ഹ്യൂമാനിറ്റീസ്- 107
കോമേഴ്‌സ്- 192
ഏറ്റവുമധികം ബാച്ചുകളുള്ള സ്‌കൂൾ പുതുക്കാട് സെന്റ് ആന്റണീസ് 10 ബാച്ചുകളാണ് ഇവിടെയുള്ളത്.
അപേക്ഷിക്കേണ്ട വിധം
അക്ഷയ കേന്ദ്രങ്ങൾ വഴിയോ കമ്പ്യൂട്ടർ സെന്ററുകൾ വഴിയോ അല്ലെങ്കിൽ സ്വയമോ ഏകജാലക വിൻഡോയായ hscap. kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ് സൈറ്റിൽ കയറി അഡ്മിഷൻ ലിങ്ക് ഓപ്പൺ ചെയ്ത് എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ നൽകിയാണ് നടപടികൾക്ക് തുടക്കമിടേണ്ടത്. എന്നാൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾ അവരുടെ പേര് വിവരങ്ങൾ സ്വയം ടൈപ്പ് ചെയ്ത് നൽകണം.
ശ്രദ്ധിക്കേണ്ടത്
പ്രവേശന സമയത്ത് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ വിവരങ്ങൾ തെറ്റ് കൂടാതെ നൽകാൻ ശ്രമിക്കണം. അഡ്മിഷന് അപേക്ഷിക്കുന്ന സ്‌കൂൾ കോഡും തെറ്റ് കൂടാതെ നൽകണം. പൂരിപ്പിച്ച അപേക്ഷയുടെ പകർപ്പിൽ രക്ഷിതാവും വിദ്യാർത്ഥിയും ഒപ്പിട്ട ശേഷം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ കോപ്പി സഹിതം സ്‌കൂളിൽ വെരിഫിക്കേഷന് നൽകാം.
കൂടുതൽ വിവരങ്ങൾക്ക്
ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ വി.എം. കരീം( 9447437201), അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ ഇ.ഡി. ഷാജു (9446229366).