villlege
വിഭജനം കാത്തുകഴിയുന്ന പുത്തൻചിറ വില്ലേജ്

വെള്ളാങ്ങല്ലൂർ: മുകുന്ദപുരം താലൂക്കിലെ ഏറ്റവും വിസ്തൃതി കൂടിയ വില്ലേജാണ് പുത്തൻചിറ. സമീപത്തുള്ള മറ്റു പഞ്ചായത്തുകളിൽ മൂന്നും, നാലും വില്ലേജ് ഓഫീസുകൾ ഉള്ളപ്പോൾ 22.29 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുത്തൻചിറ പഞ്ചായത്തിൽ ആകെയുള്ളത് ഒരു വില്ലേജ് ഓഫീസ് മാത്രം.

വില്ലേജ് ഓഫീസർ അടക്കം ആറ് ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഓഫീസർ സ്ഥലംമാറി പോയിട്ട് നാളുകളേറെയായി. കൊവിഡ് പശ്ചാത്തലത്തിൽ പകുതി ജീവനക്കാർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. വില്ലേജ് ഓഫീസിൽ വൻതിരക്ക് അനുഭവപ്പെടുന്ന സമയത്ത് തന്നെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടി വരുന്നത് മൂലം ബുദ്ധിമുട്ടിലാകുന്നുണ്ടെന്ന് താത്കാലിക ചുമതലയുള്ള വില്ലേജ് ഓഫീസർ പറയുന്നു.

ഭൂനികുതി അടക്കുന്നതൊഴിച്ച് മറ്റുള്ള സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നുണ്ടെങ്കിലും നിരവധിപേർ വില്ലേജ് ഓഫീസിൽ എത്തുന്നുണ്ട്. 461 സർവേ നമ്പറുകളിലായി ആയിരത്തിലധികം സബ്ഡിവിഷനുകളിൽ പതിനയ്യായിരത്തിലധികം തണ്ടപ്പേരുകളിലുള്ളവരാണ് വില്ലേജിൽ ഭൂനികുതി അടയ്ക്കാനുള്ളത്.

റീസർവേ അനിവാര്യം

രേഖകൾ പലതും ലഭ്യമല്ലാത്തതിനാൽ വില്ലേജിൽ റീസർവേ ചെയ്യേണ്ടത് അനിവാര്യമാണ്. അതിന് സർക്കാർ തലത്തിൽ അനുമതി ലഭിക്കണം. വില്ലേജ് വിഭജനത്തിലൂടെ പുതിയ ഓഫീസ് നിലവിൽ വന്നാൽ മാത്രമേ സേവനങ്ങളുടെ കാലതാമസത്തിന് അറുതി വരൂ. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് റീ സർവേ വേഗത്തിൽ പൂർത്തികരിക്കാം.

പുത്തൻചിറയുടെ കിഴക്കൻ മേഖലയിൽ പുതിയ വില്ലേജ് ഓഫീസ് അനുവദിച്ചാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. എം.എൽ.എയുടെയും,​ റവന്യൂ വകുപ്പിന്റെയും വിഷയം ശ്രദ്ധയിൽപ്പെടുത്താൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണം.

- നാട്ടുകാർ