തൃശൂർ: പോസ്റ്റ് ഓഫീസ് റോഡിൽ ഫ്‌ളക്‌സ് ബോർഡ് അഴിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി ആശിഷ് മൊണ്ടൽ (52) ആണ് മരിച്ചത്. ഫ്‌ളക്‌സ് ഉറപ്പിച്ചിരുന്ന ഇരുമ്പുപാത്തി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം.
ഇരുമ്പുപാത്തിയുടെ ഒരു ഭാഗം തൊഴിലാളിയുടെ കൈയിലായിരുന്നു. വൈദ്യുതി കമ്പിയിൽ ദേഹസ്പർശമുണ്ടായെന്നു സംശയിക്കുന്നു. പോസ്റ്റ് ഓഫീസ് റോഡിലെ കടയുടെ ടെറസിന് തൊട്ടുതാഴെയുള്ള മുകൾ നിലയിൽ നിന്നായിരുന്നു ഇയാൾ ഫ്‌ളെക്‌സ് അഴിച്ചിരുന്നത്. തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗം എത്തി വൈദ്യുതി ലൈനുകൾ ഓഫ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുമ്പോഴേക്കും തൊഴിലാളി മരിച്ചു.
തൃശൂർ ഫയർഫോഴ്‌സ് എത്തി മുകൾനിലയിൽ കയറിയാണ് തൊഴിലാളിയെ വൈദ്യുതി ലൈനിൽ നിന്നു മാറ്റിയത്. പൊതുവാൾ ബിൽഡിംഗ്സിലാണ് അപകടം. ഹൈടെൻഷൻ ലൈനിലേക്കു ബോർഡിന്റെ ഇരുമ്പുകവചം പൊട്ടിവീഴുകയായിരുന്നുവെന്നു പറയുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വയറിന്റെ ഭാഗത്താണ് ഷോക്കടിച്ചതെന്നാണ് നിഗമനം. പാരപ്പറ്റിൽ വീണ ഇയാളെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ പത്തേകാലോടെയാണ് സംഭവം.