തൃശൂർ: മകൾ നിരീക്ഷണത്തിലിരിക്കെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയുടെ ശവസംസ്‌കാരം കഴിഞ്ഞ് മൂന്നാം ദിനം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇൻക്വസ്റ്റ് നടത്തിയ പൊലീസും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരും ക്വാറന്റൈനിലായേക്കും.
അരിമ്പൂർ പരയ്ക്കാട് വടക്കെപുരയ്ക്കൽ വിശ്വംഭരന്റെ ഭാര്യ വത്സല (63) ആണ് കഴിഞ്ഞ അഞ്ചിന് നെഞ്ചുവേദനയെ തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചത്. കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വത്സലയുടെ മകൾ നിരീക്ഷണത്തിലായത്. മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ഹൃദയാഘാതം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിരുന്നു. രണ്ട് മണിക്കൂറിനുളളിൽ ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധനയിൽ വത്സല നെഗറ്റീവ് ആയിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ. ഹിതേഷ് ശങ്കർ പി.സി.ആർ പരിശോധനയ്ക്ക് സ്രവം ശേഖരിച്ചു. ഇന്നലെ ഇതിന്റെ ഫലം പോസിറ്റീവായതോടെയാണ് ആശങ്ക ഉയർന്നത്. എത്രപേർ ക്വാറന്റൈനിൽ പോകണമെന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. ആലപ്പുഴ വൈറോളജി ലാബിലേക്കും സ്രവം അയച്ചിട്ടുണ്ട്.
കഴിഞ്ഞമാസം 27 ന് കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചിരുന്നു. ഗുരുവായൂർ കാഞ്ഞാണി റൂട്ടിൽ ജൂൺ 25ന് യാത്ര ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയും ചെയ്തു. എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഡിപ്പോയിൽ നിന്നുള്ള ഏഴ് സർവ്വീസുകൾ റദ്ദാക്കിയിരുന്നു. 25 ഓളം പേരാണ് ആ ദിവസം വിവിധ ഇടങ്ങളിൽ നിന്നായി ബസിൽ കയറിയത്. ആ ദിവസം ബസിൽ കയറിയ മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു.