പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറടക്കം അമ്പതിലധികം പേർ നിരീക്ഷണത്തിൽ
തൃശൂർ: നിരീക്ഷണത്തിലിരിക്കെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് ഉണ്ടായിരുന്നുവെന്ന് അവസാന പരിശോധനാ റിപ്പോർട്ട്. അതേസമയം മരണം കൊവിഡ് പട്ടികയിൽപെടുത്തി പ്രഖ്യാപനം വന്നിട്ടില്ല. തൃശൂരിൽ നടത്തിയ മൂന്ന് പരിശോധനകളിൽ രണ്ടെണ്ണം നെഗറ്റീവ് ആവുകയും ഒരെണ്ണം പൊസിറ്റീവ് ആകുകയും ചെയ്ത പശ്ചാത്തലത്തിൽ വിദഗ്ദ്ധ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു.
ഈ ഫലം പൊസിറ്റീവ് ആയതോടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ശവസംസ്കാരം കഴിഞ്ഞ് മൂന്നാം ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇൻക്വസ്റ്റ് നടത്തിയ പൊലീസും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരും ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തവരും അടക്കം അമ്പതിലധികം പേർ നിരീക്ഷണത്തിലായി. അരിമ്പൂർ പരയ്ക്കാട് വടക്കെപുരയ്ക്കൽ വിശ്വംഭരന്റെ ഭാര്യ വത്സലയാണ് (63) കഴിഞ്ഞ അഞ്ചിന് നെഞ്ചുവേദനയെ തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് എത്തിയ ഉടൻ മരിച്ചത്. രണ്ട് മണിക്കൂറിനുളളിൽ ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധനയിൽ വത്സല നെഗറ്റീവ് ആയിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ഹിതേഷ് ശങ്കർ പി.സി.ആർ പരിശോധനയ്ക്ക് സ്രവം ശേഖരിച്ചു. ഇതിന്റെ ഫലം പൊസിറ്റീവായി.
അരിമ്പൂർ പഞ്ചായത്തിൽ ആശങ്ക
അരിമ്പൂർ: കൊവിഡ് പ്രോട്ടോകാൾ പാലിക്കാതെ സംസ്കാര ചടങ്ങുകളും മറ്റും നടത്തിയതോടെ കിഴക്കേ പരയ്ക്കാട് വടക്കേ പുരയ്ക്കൽ വിശ്വംഭരന്റെ ഭാര്യ വത്സലയുടെ മരണവുമായി ബന്ധപ്പെട്ട് അരിമ്പൂർ പഞ്ചായത്തിൽ ആശങ്കകളേറി. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 35 പേരെ ക്വാറന്റൈനിലാക്കി. സാമൂഹിക വ്യാപനം മുൻനിറുത്തി നിരവധി പേരെ നീരീക്ഷണത്തിലുമാക്കി. അരിമ്പൂർ ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്തും അതീവ ജാഗ്രതയിലാണ്. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് പൊസിറ്റീവായതോടെ യാത്രക്കാരിയായിരുന്ന വത്സലയുടെ മകൾ പരയ്ക്കാടുള്ള വീട്ടിൽ ക്വാറന്റൈനിലായിരുന്നു. മകൾക്ക് വത്സല കൂട്ടിരുന്നു.
ആദ്യഫലം നെഗറ്റീവായതോടെ അന്തിക്കാട് പൊലീസിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ചൊവ്വാഴ്ച വടൂക്കര ശ്മശാനത്തിൽ നടത്തി. വത്സലയുടെ മരണത്തെ തുടർന്ന് മകളുടെ സ്രവവും പരിശോധിക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.
.............
പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ, പൊലീസ്, ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തവർ എന്നിവർ രണ്ടാഴ്ചത്തെ നീരീക്ഷണത്തിൽ കഴിയേണ്ടി വരും
പി. ശ്രീകുമാർ
ഹെൽത്ത് ഇൻസ്പെക്ടർ
അരിമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രം