ചേർപ്പ്: വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ഊരകം സ്വദേശിനി അറുപത്കാരിയായ ആരോഗ്യ പ്രവർത്തകയ്ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചേർപ്പിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഇവർ കഴിഞ്ഞ 15 ദിവസത്തോളമായി വീട്ടിൽ കൊവിഡ്‌ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കെത്തിയ സ്ത്രീക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തിൽ ഇവരുടെ സ്രവം പരിശോധിക്കുകയും പരിശോധനാ ഫലം പോസ്റ്റീവ് ആവുകയും ചെയ്തിരുന്നു. ഇവരുമായി ഉണ്ടായ സമ്പർക്കത്തിലൂടെയാകാം ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്ക്ക്‌ കൊവിഡ് പിടിപ്പെട്ടതെന്നാണ് കരുതുന്നത്. ഇവരെ മെഡിക്കൽ കൊളേജ് ഐസ്വലേഷൻ വാർഡിലേക്ക് മാറ്റി. ഇവരുടെ വീട്ടുകാരും കൊവിഡ് നിരീക്ഷണത്തിലാണ്.