തൃപ്രയാർ: തളിക്കുളം പഞ്ചായത്തിൽ പാട്ടഭൂമിയിൽ നടത്തി വന്ന പച്ചക്കറി ക്യഷി നശിപ്പിച്ച ഭൂവുടമയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ഐക്യവേട്ടുവ മഹാസഭ. പട്ടികജാതി അക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ക്യഷിമന്ത്രി, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകിയതായും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൊപ്രക്കളം അണ്ടേഴത്ത് ശബരിനാഥിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ് അന്തിക്കാട്ട് വീട്ടിൽ കുമാരൻ ക്യഷി നടത്തി വന്നത്. പാഴ്മരങ്ങളും പുല്ലും നിറഞ്ഞ സ്ഥലം 30ൽ അധികം തൊഴിലുറപ്പ് തൊഴിലാളികൾ 21 ദിവസം പണി നടത്തിയാണ് ക്യഷിക്കായി ഒരുക്കിയത്. 300ൽ അധികം വാഴകളും, കരനെൽക്കൃഷി, വെണ്ട, വഴുതന, തക്കാളി, മരച്ചീനി, മറ്റ് വിളകൾ എന്നിവയാണ് ക്യഷിയിറക്കിയത്. പാട്ടക്കരാർ നിലനിൽക്കെ കഴിഞ്ഞയാഴ്ചയിലാണ് ക്യഷിത്തോട്ടം ഭൂവുടമ വ്യാപകമായി നശിപ്പിച്ചതെന്ന് ക്യഷി നടത്തിയ അന്തിക്കാട്ട് കുമാരൻ പറഞ്ഞു.

ഭൂവുടമ ക്യഷിയിടത്തിലെ പച്ചക്കറികളും മറ്റും പറിച്ചെടുത്ത് വില്പന നടത്തി. ഇത് ചോദ്യം ചെയ്തതോടെ ഭൂവുടമ ഭീഷണിപ്പെടുത്തുകയും കൃഷി എത്രയും വേഗം പറിച്ചുകൊണ്ടു പോവാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് തക്കാളി, വാഴ എന്നിവ ആസൂത്രിതമായി വെട്ടി നശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് തളിക്കുളം ക്യഷി ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കൂടാതെ ഭൂവുടമ വലപ്പാട് പൊലീസിനെ ഉപയോഗിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കുമാരൻ പറഞ്ഞു. വേട്ടുവ ക്ഷേമധർമ്മം ട്രസ്റ്റ് സംസ്ഥാന ചെയർമാൻ ആനന്ദൻ വടക്കുംതല, വേട്ടുവമഹാസഭ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അജിത നാരായണൻ, കർഷകനായ വിജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.