തൃശൂർ: അയ്യന്തോളിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് റഷീദും കാമുകി ശാശ്വതിയുമുൾപ്പെടെ അഞ്ച് പേർ കുറ്റക്കാർ. മുൻ കെ.പി.സി.സി സെക്രട്ടറി എം.ആർ രാമദാസിനെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 13 ന് കോടതി പ്രഖ്യാപിക്കും.
ഒന്നാം പ്രതി കൃഷ്ണപ്രസാദ്, രണ്ടാം പ്രതി റഷീദ്, മൂന്നാം പ്രതി ശാശ്വതി, നാലാം പ്രതി രതീഷ്, എട്ടാം പ്രതി സുജീഷ് എന്നിവർ കുറ്റക്കാരാണെന്നാണ് തൃശൂർ ഒന്നാം അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്. കൃഷ്ണപ്രസാദിനും റഷീദിനും ശാശ്വതിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി കോടതി കണ്ടെത്തി. അതേസമയം തെളിവുകളുടെ അഭാവത്തിൽ എം.ആർ. രാമദാസ്, ബിജു,സുനിൽ എന്നിവരെ വെറുതെ വിട്ടു.
കൊലപാതകം നടത്തിയവർക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതാണ് രതീഷും സുജീഷും ചെയ്ത കുറ്റം. റഷീദിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളും ശാശ്വതിയുമായുള്ള വഴിവിട്ട ബന്ധവും സതീശൻ ചിലരോട് പറഞ്ഞതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 2016 ഫെബ്രുവരി 29 ന് അയ്യന്തോളിലെ ഫ്ലാറ്റിൽ എത്തിയ സതീശനെ കൃഷ്ണപ്രസാദും റഷീദും ശാശ്വതിയും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് ഇയാൾ മരണപ്പെടുകയുമായിരുന്നു. മർദ്ദനത്തിന് സാക്ഷിയായിരുന്ന ശാശ്വതിയുടെ അഞ്ച് വയസുള്ള മകളുടെ മൊഴിയാണ് നിർണായകമായത്.