kda-prathishetham
പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെള്ളിക്കുളങ്ങര: വില്ലേജ് ഓഫീസുകളിൽ അടയ്ക്കുന്ന നികുതിക്ക് രസീത് ലഭിക്കാത്തതിനാൽ ജനങ്ങൾ പ്രതിസന്ധിയിൽ. രണ്ടാഴ്ചയിലേറെയായി പണം നൽകുന്നതിന് രസീത് ലഭിക്കുന്നില്ലെന്നാണ് പരാതി.

കൃഷി സബ്‌സിഡി, ബാങ്ക് ലോൺ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും, ഭൂമി കൈമാറ്റം, വരുമാന സർട്ടിഫിക്കറ്റ്, കോടതി സംബന്ധമായ ഇടപാടുകൾ തുടങ്ങിയ വിവിധ അപേക്ഷകൾ നൽകുമ്പോഴും നികുതി അടച്ച രസീതി ഹാജരാക്കേണ്ടതുണ്ട്. രസീതി ലഭിക്കാത്തതിൽ പലരും പ്രതിഷേധത്തിലാണ്.

കൊവിഡ് വ്യാപനം ആരംഭിച്ചതോടെ രസീതി ബുക്കുകൾ വില്ലേജുകളിലേക്ക് എത്താതായതിനെ തുടർന്നാണ് ഇത് ലഭിക്കാതായത്. ജില്ലയിലെ രസീതി ബുക്കുകളുടെ സ്‌റ്റോക്ക് തീർന്നതാണ് പ്രതിസന്ധിക്ക് കാരണം. എത്രയും വേഗം ആവശ്യമായ രസീതികൾ വില്ലേജ് ഓഫീസുകളിൽ എത്തിച്ച് ജനങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണമെന്നാണ് ജനങ്ങളുടെ ആവശ്യം.


(കമന്റ് )
ആധാരം ബി.ടി.ആർ എൻട്രി നടത്തി അപ്രൂവൽ ലഭിച്ച് കമ്പ്യൂട്ടറൈസേഷൻ കഴിഞ്ഞ ഭൂമികളുടെ നികുതി അടയ്ക്കുന്നവർക്ക് ഓൺലൈനിൽ നിന്ന് രസീതികൾ ലഭിക്കും. മറ്റു ജില്ലകളിലെ സ്‌റ്റോക്കിൽ നിന്നോ പ്രിന്റ് ചെയ്‌തോ രസീതി ബുക്കുകൾ ആടുത്ത ആഴ്ചയോടെ എത്തുമെന്നാണ് അറിയുന്നത്.
- പി.ഡി. ഷാജു, വെള്ളിക്കുളം വില്ലേജ് ഓഫീസർ


യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ

ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ അടച്ച നികുതിക്ക് രസീത് നൽകാത്തതിൽ യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റി വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപ്പറമ്പൻ അദ്ധ്യക്ഷനായി.
മണ്ഡലം പ്രസിഡന്റ് കെ.ആർ. ഔസേപ്പ് മുഖ്യാതിഥിയായി. തോമസ് കാവുങ്ങൽ, സജീർ ബാബു, നിസാർ കറുപ്പംവീട്ടിൽ, സിജിൽ ചന്ദ്രൻ, സായൂജ് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.