മാള: കുഴൂർ പഞ്ചായത്തിലേക്ക് സർക്കാർ അനുവദിച്ച പ്രളയ ഫണ്ട് ലഭിച്ചില്ലെന്ന് ഭരണപക്ഷം ആരോപിച്ചു. പ്രളയത്തിൽ ഉണ്ടായ നാശനഷ്ടം കണക്കാക്കി രണ്ട് കോടി രൂപ ആവശ്യപ്പെട്ടപ്പോൾ അനുവദിച്ച 44 ലക്ഷം പോലും നൽകിയില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണപക്ഷം അറിയിച്ചു. പ്രളയ മുന്നൊരുക്കങ്ങൾക്കായി പഞ്ചായത്ത് പദ്ധതിയിൽ അഞ്ച് ഫൈബർ ബോട്ടുകൾക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടും സർക്കാർ അനുമതി നൽകിയില്ല.
പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കരിക്കാട്ടുചാൽ കൂടാതെ തോടുകളും നവീകരിച്ചിട്ടുണ്ട്. കുഴൂർ പഞ്ചായത്തിനോട് വിവേചനം കാണിച്ച് സർക്കാർ പ്രതികൂലമായി നിലപാട് സ്വീകരിച്ചതിനാലാണ് പ്രളയ ഫണ്ട് ലഭിക്കാതിരുന്നതെന്നും ഇത് മറയാക്കിയാണ് സി.പി.എം സമരം നടത്തുന്നതെന്നും ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ മുഹമ്മദ് ഫൗസി, വി.വി അന്തോണി, കെ.ജെ. നിത കൃഷ്ണ എന്നിവർ പങ്കെടുത്തു.