pashu
നാടൻപശുവിനോടൊപ്പം സിന്റോയും കുടുംബവും

എരുമപ്പെട്ടി: വംശനാശഭീഷണി നേരിടുന്ന നാടൻ പശുക്കളെ സംരക്ഷിച്ച് ശ്രദ്ധേയരാവുകയാണ് പുലിയന്നൂർ സ്വദേശികളായ ദമ്പതികൾ. വേലൂർ പഞ്ചായത്തിലെ പുലിയന്നൂർ സിന്റോയും സഹധർമ്മിണി ഡെൽനയുമാണ് വംശനാശത്തിന്റെ വക്കിലെത്തിയ നാടൻ പശുക്കളെ സംരക്ഷിക്കുന്നത്.

പ്രകൃതി സംരക്ഷണവും സർക്കാർ ജീവനക്കാർ കൂടിയായ ഈ ദമ്പതികൾ ലക്ഷ്യംവയ്ക്കുന്നു. തൃശൂരിന്റെ സ്വന്തം പശു വില്വാദ്രിയേയും കാസർഗോഡ് കുള്ളനെയുമാണ് ഇവർ സംരക്ഷിക്കുന്നത്. ഇതിനായി നിരവധി ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഗുണമേന്മയുള്ള പാലിന്റെ പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ടാണ് സിന്റോയും ഡെൽനയും നാടൻ പശുക്കളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. തിരുവില്വാമല ഗ്രാമത്തിന്റെയും വില്വാദ്രി ക്ഷേത്രത്തിന്റെയും പൈതൃക പെരുമയിൽ പൊൻതൂവലായി മാറിയ വില്വാദ്രിനാഥന്റെ സ്വന്തം ഗോക്കൾ എന്നറിയപ്പെടുന്ന വില്വാദ്രി ഗോക്കൾ നാലോളം വ്യത്യസ്ഥ നിറങ്ങളിലുണ്ടെങ്കിലും കഠിനമായ ചൂടിനെ അതിജീവിക്കാൻ സഹായിക്കുന്ന ഇളംതവിട്ട് നിറമാണ് ഭൂരിഭാഗം പശുക്കൾക്കുമുള്ളത്. ഉയർന്ന് മുന്നോട്ട് വളർന്ന് വളയുന്ന കരുത്തുറ്റ മൂർച്ചയുള്ള കൊമ്പുകളും, രോമവളർച്ച കുറഞ്ഞ് മിനുസവും കനം കുറഞ്ഞതുമായ ത്വക്കും ഇവയുടെ മുഖ്യ ലക്ഷണമാണ്. കഠിനമായ പാറക്കെട്ടുകൾ കയറി മല കയറാൻ തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ ഉപ്പൂറ്റിയും, അടിവശം പരന്ന് പ്രതല വിസ്തീർണ്ണം കൂടിയ കുളമ്പുകളും ഇവയുടെ പ്രത്യേകതകളാണ്. കാസർഗോഡ് മലമ്പ്രദേശങ്ങളിൽ മാത്രമാണ് കുള്ളൻ പശുക്കൾ കണ്ടുവരുന്നത്. കറുപ്പ്, ചുവപ്പിന്റെ നിറഭേദങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ഏറ്റവും ചെലവ്കുറഞ്ഞ രീതിയിലുള്ള ഭക്ഷണരീതിയാണ് ഇവക്കുള്ളത്. ഇത് ഏറെ ലാഭകരമാണെന്നും ഇവർ പറയുന്നു.

സിൻ്റോ-സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലും ഡെൽന- നീതിന്യായ വകുപ്പിലുമാണ് ജോലി ചെയ്യുന്നത്. കർഷകനായ പിതാവ് ജോസഫ്, മാതാവ് സിസിലി തുടങ്ങിയവരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നത്. നാൾക്കുനാൾ പ്രതിരോധശേഷി കുറഞ്ഞുവരുന്ന സമൂഹത്തിൽ ഔഷധഗുണമുള്ള പാലും പാലുത്പ്പന്നങ്ങളും നൽകാൻ കഴിയുകയെന്നത് സ്വപ്ന സാക്ഷാത്ക്കാരമായി കരുതുന്നുവെന്ന് സിന്റോയും ഡെൽനയും പറഞ്ഞു. പുലിയന്നൂർ ഗ്രാമത്തിലെ ഓരോ വീട്ടിലും നാടൻപശുക്കൾ എന്ന കർമ്മ പദ്ധതിയാണ് സർക്കാർ ജീവനക്കാരായ ദമ്പതികൾ മുന്നോട്ടുവയ്ക്കുന്നത്.

..........................

മലയാള നാടിന് തനതായ ഔഷധ ഗുണങ്ങളുള്ള നിരവധി പശുക്കൾ ഉണ്ടായിരുന്നു. എന്നാൽ ധവള വിപ്ലവത്തിനു ശേഷം ഇന്തോ സ്വിസ് ബ്രീഡുകളിലൂടെ അത്യുൽപാദന ശേഷിയുള്ള ഇനങ്ങൾ ഗ്രാമങ്ങളിലെ തൊഴുത്തുകൾ കീഴടക്കിയപ്പോൾ നാടൻ പശുക്കൾ ഇല്ലാതായി. ഏതാണ്ട് 8,000 വര്‍ഷം മുമ്പുണ്ടായിരുന്ന പശുവര്‍ഗങ്ങളുടെ പാല്‍ 100 ശതമാനവും എ ടു ബീറ്റാ കേസിന്‍ മാത്രം അടങ്ങിയതായിരുന്നു. അവ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായിരുന്നില്ല, കൂടാതെ പോഷകദായകവും ഗുണപ്രദവുമായിരുന്നു. കാലക്രമേണ ജനിതകമാറ്റം വരുത്തിയ രോഗ പ്രതിരോധ ശേഷിയില്ലാത്ത എ വൺ പാലുത്പാദിപ്പിക്കുന്ന സങ്കരയിനം പശുക്കൾ ക്ഷീരോത്പാദന മേഖലയിൽ സജീവമായി.

- സിന്റോ

നാടൻപശുവിനോടൊപ്പം സിന്റോയും കുടുംബവും